പശ്ചിമഘട്ട സംരക്ഷണത്തിന്റെയും പ്രാദേശിക ജനകീയ പങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പേരിൽ അറിയപ്പെടുന്ന പ്രഗത്ഭനായ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ. ‘ജനങ്ങളുടെ ശാസ്ത്രജ്ഞൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാഡ്ഗിൽ ഇന്ത്യയിൽ താഴെത്തട്ടിലുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് അഞ്ചു പതിറ്റാണ്ടിലേറെ നേതൃത്വം നൽകി. നിരവധി പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു ഗാഡ്ഗിൽ. പരിസ്ഥിതിക്ക് തിരിച്ചുവരാനാവാത്ത വിധം നാശം വരുത്തുന്ന വൻകിട പദ്ധതികളെ ശക്തമായി എതിർത്തു. ഇന്ത്യയിൽ പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, വനാവകാശ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും നിയമനിർമാണങ്ങളിലും നിർണായകമായ പങ്കു വഹിച്ചു. പരിസ്ഥിതി ശാസ്ത്ര ഗവേഷണ മേഖലയിൽ പുതുതലമുറയെ വളർത്തിയെടുക്കുന്നതിലും ഗാഡ്ഗിലിന്റെ സംഭാവനകൾ വലുതാണ്. കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ ഉരുൾപൊട്ടുമ്പോഴും മണ്ണിടിയുമ്പോഴും പ്രളയമുണ്ടാകുമ്പോഴും ഉയർന്നു കേൾക്കുന്ന പേരാണ് മാധവ് ഗാഡ്ഗിലിന്റേത്. കേരളത്തിലെ ജനങ്ങളെ അടുത്ത കാലത്ത് ഇരു ചേരികളിലായി വിഭജിച്ച മറ്റൊരു പരിസ്ഥിതി ശാസ്ത്രജ്ഞനില്ല.
ജനനം, പഠനം
അക്കാദമികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബത്തിൽ പരിമളയുടെയും ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലിന്റെയും മകനായി 1942 മേയ് 24ന് പൂനയിലായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പിതാവ് ഡോ. ഡി.ആർ. ഗാഡ്ഗിൽ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാനുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മൂന്നാം പഞ്ചവത്സര പദ്ധതി ‘ഗാഡ്ഗിൽ യോജന’ എന്നും അറിയപ്പെടുന്നു. ബാല്യം മുതലേ പക്ഷി നിരീക്ഷണത്തിലും പ്രകൃതിയിലെ ജീവ വൈവിധ്യത്തിലും ആകൃഷ്ടനായിരുന്നു മാധവ് ഗാഡ്ഗിൽ. പൂനയിലെ പഴയ ഫർഗൂസൺ കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിഎസ്സി നേടിയ അദ്ദേഹത്തിന്റെ ഉപരിപഠനം ഹാർവാർഡ് സർവകലാശാലയിലായിരുന്നു. അവിടെനിന്ന് അദ്ദേഹം ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ജീവശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.
സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ സ്ഥാപനം
ഇന്ത്യയിൽ തിരിച്ചെത്തിയ മാധവ് ഗാഡ്ഗിൽ പൂനയിലെ ഒരു ഗവേഷണ സ്ഥാപനത്തിൽ കുറച്ചു കാലം ജോലി നോക്കിയതിനു ശേഷം 1973ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഫാക്കൽറ്റിയായി ചേർന്നു. 30 വർഷത്തിലേറെ ഈ സ്ഥാപനമായിരുന്നു ഗാഡ്ഗിലിന്റെ പ്രവർത്തന കേന്ദ്രം. സൈദ്ധാന്തിക ജീവശാസ്ത്രം, ഫീൽഡ്തല എക്കോളജി എന്നിവയിലായിരുന്നു ഗാഡ്ഗിലിന്റെ പ്രധാന ഗവേഷണം. അടിസ്ഥാന തലങ്ങളിലെ ആവാസവ്യൂഹങ്ങളുടെ സൂക്ഷ്മ പഠനത്തിന് വേണ്ടി ഇവിടെ 1983ൽ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് എന്ന സ്ഥാപനം ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. പശ്ചിമഘട്ടങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ആവാസ വ്യവസ്ഥകളുടെ സമഗ്രപഠനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ഈ സെന്റർ. ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ ഈ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളാണ് 1986ൽ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. രാജ്യത്തെ ആദ്യത്തെ ബയോസ്ഫിയർ റിസർവാണ് നീലഗിരിയിലേത്. ബസ്തർ വനമേഖലയുടെ സംരക്ഷണത്തിലും ഗാഡ്ഗിൽ നിർണായക സംഭാവനകൾ നൽകി.
കമ്മ്യൂണിറ്റി ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ
പ്രാദേശിക ജനസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കണമെന്നതായിരുന്നു എന്നും ഗാഡ്ഗിലിന്റെ നിലപാട്. 1995 മുതൽ പ്രാദേശിക ജൈവവൈവിധ്യവും അവയിൽ അധിഷ്ഠിതമായ പാരമ്പര്യ വിജ്ഞാനവും സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന് ഗാഡ്ഗിൽ നേതൃത്വം നൽകി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായിരുന്നു ഈ മുന്നേറ്റം. ഇത് രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടു. തനത് സസ്യജാലങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വിജ്ഞാനവും നാട്ടറിവുകളും അവയുടെ പ്രാദേശിക ചരിത്രവും രേഖപ്പെടുത്തി സൂക്ഷിക്കണം. ഇതിന്റെ ബൗദ്ധികമായ അവകാശം ഈ നാട്ടറിവുകൾ പരമ്പരാഗതമായി സംരക്ഷിച്ച പ്രാദേശിക സമൂഹങ്ങൾക്കും ഗോത്ര ജനവിഭാഗങ്ങൾക്കുമായിരിക്കണം. ഈ വിജ്ഞാനം വൻ കമ്പനികൾ വാണിജ്യവത്കരിച്ചാൽ ലാഭവിഹിതം ഗോത്ര സമൂഹങ്ങൾക്കും നൽകണം. ഇതിനു വേണ്ടി പ്രാദേശിക തലത്തിൽ ‘കമ്മ്യൂണിറ്റി ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ’ സ്ഥാപിക്കണമെന്ന ആശയം രാജ്യത്ത് നടപ്പാക്കിയത് മാധവ് ഗാഡ്ഗിലാണ്. 2002ലെ കേന്ദ്ര ജൈവ വൈവിധ്യ നിയമത്തിൽ ‘ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ’ നിയമ പരമായിതന്നെ ഇടം കണ്ടെത്തി. 2002ലെ കേന്ദ്ര ജൈവ വൈവിധ്യ നിയമം രൂപീകരിക്കുന്നതിലും ഗാഡ്ഗിൽ നിർണായക പങ്ക് വഹിച്ചു.
മാധവ് ഗാഡ്ഗിലും കേരളവും
കേരളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മാധവ് ഗാഡ്ഗിലിന്റെ പേര് നാലര പതിറ്റാണ്ടിലേറെയായി കേൾക്കുന്നുണ്ട്.1970കളുടെ അവസാനവും 80കളുടെ ആദ്യവും അരങ്ങേറിയ സൈലന്റ് വാലി സംരക്ഷണ സമരവുമായി ബന്ധപ്പെട്ടാണ് മാധവ് ഗാഡ്ഗിൽ ആദ്യം കേരളവുമായി ബന്ധപ്പെടുന്നത്. എന്നാൽ, 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി)യുടെ അധ്യക്ഷനായി മാധവ് ഗാഡ്ഗിൽ നിയമിക്കപ്പെട്ടതോടെ കേരളത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ശാസ്ത്രജ്ഞനായി അദ്ദേഹം മാറി. 2010 മാർച്ച് നാലിന് അന്നത്തെ യുപിഎ സർക്കാരാണ് ഗാഡ്ഗിൽ പാനലിനെ നിയമിച്ചത്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി അവസ്ഥ വിലയിരുത്തി, പരിസ്ഥിതി ദുർബല മേഖലകൾ കണ്ടെത്തുകയും പുനരുജ്ജീവനത്തിന് ശിപാർശകൾ നൽകുകയുമായിരുന്നു സമിതിയുടെ ദൗത്യം. നാലു തവണ യോഗം ചേർന്ന് 2011 ഓഗസ്റ്റ് 31ന് റിപ്പോർട്ട് സമർപ്പിച്ചു. ഒമ്പത് മാസത്തേക്ക് റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഡൽഹി ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് 2012 മേയിൽ 522 പേജുകളുള്ള റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചു.
പ്രാദേശിക ജനവിഭാഗത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യം എന്നും ഉയർത്തിയിട്ടുള്ള ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതി തിടുക്കത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. അതിനു മുമ്പ് പ്രാദേശിക ജനവിഭാഗങ്ങളുമായോ ജനപ്രതിനിധികളുമായോ രാഷ്ട്രീയ പാർട്ടികളുമായോ വിശദമായ ചർച്ചകൾ നടത്തിയില്ല. തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്തിലെ താപ്തി നദി വരെ 1,490 കിലോമീറ്റർ നീളത്തിലും 1,29,037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി പ്രാധാന്യമുള്ള ഒറ്റ മേഖലയായി പരിഗണിക്കാനായിരുന്നു സമിതിയുടെ നിർദേശം. പശ്ചിമ ഘട്ടങ്ങളെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. 75 ശതമാനത്തിലധികം സ്ഥലങ്ങളെ സോൺ ഒന്നിലും രണ്ടിലും ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. സോണുകൾ തിരിച്ചതിൽ സമിതിക്ക് ഗൗരവതരമായ തെറ്റുകൾ സംഭവിച്ചു. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളൊക്കെ പരിസ്ഥിതി ദുർബല മേഖലകളായി. ഇതോടെ കേരളം, കർണാടകം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലെ മലയോരങ്ങളിലെ ജനങ്ങൾ പ്രതിഷേധവുമായി സമരത്തിനിറങ്ങി.
പ്രതിഷേധം സ്വാഭാവികം
സൈദ്ധാന്തിക തലത്തിൽ തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിലെ ശിപാർശകളിൽ ഭൂരിപക്ഷവും പ്രായോഗിക തലത്തിൽ നടപ്പാക്കുക അസാധ്യമായിരുന്നു. ഭൂവിനിയോഗത്തിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ പശ്ചിമ ഘട്ട മേഖലയിലെ ജനജീവിതം ദുഃസഹമാക്കുന്നവയായിരുന്നു. നിർദേശങ്ങൾ അതേപടി നടപ്പാക്കിയാൽ അടിസ്ഥാന സൗകര്യ വികസനംപോലും മുരടിക്കും. 5-10 വർഷംകൊണ്ട് രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത് കർഷകർ പൂർണമായും അവസാനിപ്പിക്കണം.
പശ്ചിമ ഘട്ടങ്ങളിൽ പൂർണമായും ജൈവ കൃഷിയായിരിക്കണം. വന്യ ജീവികളുടെ വഴിത്താരയായി രേഖപ്പെടുത്തിയ കൃഷിഭൂമികൾ വനമായി മാറ്റപ്പെടണം. കൈയാലകൾക്ക് പകരം ജൈവവേലികൾ മതി. ഉത്പാദന വർധനവും ആദായ വർധനവും നോക്കാതെ ഗുണമേന്മ മാത്രം മുൻനിർത്തി കർഷകർ കൃഷി ചെയ്യണം. മരച്ചീനി, വാഴ തുടങ്ങിയ വാർഷിക വിളകളുടെ കൃഷി നിയന്ത്രിക്കണം. ഗാഡ്ഗിൽ കമ്മിറ്റിയുടെ ചില നിർദേശങ്ങൾ കർഷകർക്ക് പട്ടയം നൽകുന്നതിനെ തടസപ്പെടുത്തുന്നവയായിരുന്നു. പശ്ചിമഘട്ട മേഖലയിലെ 25 കോടിയിലേറെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും കർഷകരും കർഷക തൊഴിലാളികളുമാണ്. ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കാതെയും പ്രായോഗികതയും യാഥാർഥ്യവും കണക്കിലെടുക്കാതെയും തയാറാക്കിയ റിപ്പോർട്ടിനെതിരേ വ്യാപക പ്രതിഷേധമുയർന്നത് തികച്ചും സ്വാഭാവികമായിരുന്നു. അതോടെ പശ്ചിമഘട്ട സംരക്ഷണം എന്ന ന്യായമായ ലക്ഷ്യം പിന്നോട്ട് തള്ളപ്പെട്ടു.
ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കസ്തൂരി രംഗൻ റിപ്പോർട്ട് വന്നതോടെ അപ്രസക്തമായി. എങ്കിലും അത് പശ്ചിമഘട്ടങ്ങളിലെ ജനവിഭാഗങ്ങൾക്കിടയിൽ വിതച്ച അശാന്തിയുടെയും അനിശ്ചിതാവസ്ഥയുടെയും കനലുകൾ ഇന്നും കെടാതെ കിടക്കുന്നു. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം കേന്ദ്രത്തിന് ഇറക്കാനായിട്ടില്ല. ഏത് പരിസ്ഥിതി ദുരന്തമുണ്ടായാലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നാണ് കേരളത്തിൽ ഒരു വിഭാഗത്തിന്റെ കൂട്ട നിലവിളി. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് അപ്പാടെ നടപ്പാക്കിയാലും വൻ പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് ആർക്കും തടയാനാവില്ലെന്നതാണ് വാസ്തവം.