മലപ്പുറം: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെ ശനിയാഴ്ച പുലർച്ചെയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹമാധ്യമങ്ങൾ വഴി പ്രതിയുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് പിടിയിലായ നാലുപേരും. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും റീലുകളും ഇവർ മുൻകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയത് ഇവർക്കൊപ്പമാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചതായാണ് വിവരം.
കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ സഞ്ചരിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.