ബ്രസീലിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ബ്രസീൽ വിട്ട ഫ്ലാവിയോ ബോൾസൊനാരോ അമേരിക്കയിലെത്തി.
അദ്ദേഹം ഫ്ലോറിഡയിൽ സഹോദരൻ എഡ്വാർഡോയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഫ്ലാവിയോയ്ക്കും കുടുംബത്തിനും വീസ അനുവദിക്കുമെന്ന് അമേരിക്കയിലെ ട്രംപ് ഭരണകൂടം അറിയിച്ചു.
പണംവെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയും പാസ്പോർട്ട് ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഫ്ലാവിയോ കടന്നുകളഞ്ഞത്.
ഫ്ലാവിയോയും കുടുംബവും റോഡ് മാർഗം അർജന്റീനയിൽ കടന്ന് സ്വകാര്യ വിമാനത്തിൽ അമേരിക്കയിലേക്കു കടന്നുവെന്നാണ് സൂചന.
ഫ്ലാവിയോ അമേരിക്കയിലേക്കു വരുന്നതിനെ അനുകൂലിക്കുന്നതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു. വീസ അനുവദിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പും അറിയിച്ചു.
മുൻ പ്രസിഡന്റ് ജയിർ ബൊൾസൊനാരോയുടെ മൂത്ത മകനായ ഫ്ലാവിയോ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ലുലാ ഡാ സിൽവയോട് തോറ്റിരുന്നു. എന്നാൽ തോൽവി അംഗീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. പരാജയം സമ്മതിക്കാതെ രാജ്യംവിട്ടത് നാണക്കേടാണെന്ന് ലുലാ പ്രതികരിച്ചു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ബോൾസൊനാരോ കുടുംബവുമായി അടുപ്പത്തിലാണ്.