തിരുവനന്തപുരം: സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്നതിനും നിലവിലുള്ള കോഴ്സുകളിൽ സീറ്റുകൾ കൂട്ടുന്നതിനും സർക്കാരിന്റെ അനുമതി വേണ്ടെന്ന തീരുമാനത്തെ പിന്തുണച്ച് മന്ത്രി റോജി എം. ജോൺ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കുലർ ഇറക്കിയത്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് നിലവിലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കി വേഗത്തിൽ അനുമതി ലഭ്യമാക്കുകയാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ മാത്രം നിലനിൽക്കുന്ന എൻഒസി സമ്പ്രദായം മാറ്റുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. സ്വയംഭരണ കോളജുകൾക്ക് വാരിക്കോരി ഇളവുകൾ നൽകുകയാണെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. എല്ലാ കോളജുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
യുജിസി റെഗുലേഷൻ പ്രകാരം സ്വയംഭരണ കോളജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെയോ സർവകലാശാലയുടെയോ അനുമതി ആവശ്യമില്ല. എന്നാൽ കേരളത്തിൽ സർവകലാശാലയുടെ അനുമതി വേണമെന്ന നിബന്ധന നിലനിൽക്കുന്നുണ്ട്. സർവകലാശാലയുടെ കൃത്യമായ പരിശോധനയ്ക്കും അനുമതിക്കും ശേഷം വീണ്ടും സർക്കാരിന്റെ എൻഒസി കൂടി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2014ലും 2021ലും നിയമസഭ പാസാക്കിയ സർവകലാശാലാ നിയമങ്ങളിലെ എൻഒസി സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അനാവശ്യമായ നടപടിക്രമങ്ങളും കാലതാമസവും ഒഴിവാക്കാനാകും. സ്വയംഭരണ കോളജുകൾക്ക് ഇളവുകൾ നൽകുന്നതിലൂടെ മെറിറ്റ്, സംവരണ തത്വങ്ങൾ അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി ഉറപ്പുനൽകി.
സർക്കാരിന്റെ പുതിയ തീരുമാനം സർക്കാർ കോളജുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ല. വിഷയത്തെക്കുറിച്ച് പഠിക്കാതെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിക്കുന്നതെന്നും റോജി എം. ജോൺ വിമർശിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നടപടിക്രമങ്ങൾ ലളിതമാക്കി കൂടുതൽ കാര്യക്ഷമമായ സംവിധാനം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.