ന്യൂജഴ്സി: ഫൊക്കാന വനിതാ ഫോറത്തിന്റെ 2026 - 2028 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഈ വർഷത്തെ പ്രധാന പദ്ധതിയുടെ ഭാഗമായി 25 അർഹരായ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും മെഡിക്കൽ സഹായവും നൽകാനാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്കും ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സാ സഹായം ആവശ്യമായവർക്കും ഈ പദ്ധതിയിലൂടെ കൈത്താങ്ങാകുകയാണ് ഫോറത്തിന്റെ ലക്ഷ്യം.
പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഈ മാസം 30-നകം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചായിരിക്കും സ്കോളർഷിപ്പിന്റെയും മെഡിക്കൽ സഹായത്തിന്റെയും വിതരണം.
സഹായം സ്പോൺസർ ചെയ്യുന്നവർക്ക് തങ്ങൾ പിന്തുണയ്ക്കുന്ന ഗുണഭോക്താക്കളെ നേരിൽ കാണാനും കൺവൻഷനിൽ വച്ച് സഹായം കൈമാറാനും അവസരമുണ്ടാകും.
സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക പ്രതിബദ്ധത, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന വനിതാ ഫോറത്തിന്റെ ഈ സംരംഭം അർഹരായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സന്തോഷ് നായർ, ട്രെഷറർ ആൻറ്റോ വർക്കി, എന്നിവർ അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്കിലോ https://forms.gle/5Pec4k7rWHraBkQf8 , ഫൊക്കാന വനിതാ ഫോറം ചുമതലക്കാരായ ഡോ. ഷൈനി രാജു ചെയർപേഴ്സൺ, ഡോ. പ്രിയ ലൂയിസ് സെക്രട്ടറി, ഉഷ ചാക്കോ ട്രെഷറർ, ലിസി തോമസ് കോ ചെയർ, ആഷ റാണി അദാർഷ് ജോയിന്റ് സെക്രട്ടറി, ലിസി ഫിലിപ്പ് ജോയിന്റ് ട്രെഷറർ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.