കോൽക്കത്ത: കൃഷ്ണനഗർ മണ്ഡലത്തിലെ സന്ദർശനത്തിനിടെ തനിക്കു നേരേ മുട്ടയേറുണ്ടായ സംഭവത്തിൽ പൊലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി ലോക്സഭാ എംപി മഹുവാ മൊയ്ത്ര കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
ഈ മാസം ആദ്യം നാദിയ ജില്ലയിലെ തെഹാട്ടയിലുണ്ടായ സംഭവത്തിൽ എതിർ പാർട്ടിക്കാർ തനിക്കു നേരേ കരിങ്കൊടി വീശി അടുത്തപ്പോഴും പൊലിസ് ഇടപെട്ട് ഇവരെ തടഞ്ഞില്ലെന്ന് അഭിഭാഷക അർക്ക നാഗ് വഴി ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു.
മണ്ഡലം സന്ദർശിക്കുന്പോൾ തനിക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കുന്പോഴാണ് സെപ്റ്റംബർ 16ന് തനിക്കെതിരേ ആക്രമണമുണ്ടായതെന്നും മൊയ്ത്ര ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ മടിച്ച കോടതി മുൻഗണനാ ക്രമമനുസരിച്ച് വിഷയത്തിൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കി.