തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നേരത്തേയുണ്ടായിരുന്ന എട്ട് വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
വിജിലൻസിന്റെ അന്വേഷണം നിഷ്പക്ഷവും നീതിപൂർവകവുമായിരിക്കും. വസ്തുതകളും ഫയലുകളും പരിശോധിച്ച ശേഷം സർക്കാർ തുടർനടപടി എടുക്കും.
കെഎസ്ടിപി പദ്ധതിയിലെ കരാർ കന്പനികൾക്ക് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുകയിൽ കരാറുകൾ അനുവദിച്ചതിലൂടെ സർക്കാരിന് 700 കോടി രൂപയുടെ നഷ് ടമുണ്ടാക്കിയെന്നും ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും എസ്റ്റിമേറ്റ് 187 കോടിയായിരുന്നെങ്കിലും 323 കോടി ചെലവഴിച്ചെന്നുമുള്ള പരാതിയിൽ ഗ്യാനേഷിനെതിരേ അന്വേഷണമുണ്ടായിരുന്നു.
അതേസമയം വിജിലൻസ് അന്വേഷണം വേണ്ട രീതിയിൽ നടന്നിട്ടില്ലെന്ന പുതിയ പരാതിയാണ് ഇപ്പോൾ വിജിലൻസിന് കൈമാറിയതെന്നും എ.കെ.എം അഷറഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കെഎസ്ടിപി റോഡ് വികസന പദ്ധതിയിൽ ഗുരുതര അഴിമതി ആരോപണമാണ് അന്ന് മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരേ ഉയർന്നതെന്ന് അഷറഫ് ചൂണ്ടിക്കാട്ടി.