ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബിജെപി. പുതുതായി നിയമിച്ച സംസ്ഥാന പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം 29ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടുന്ന വെല്ലുവിളികളും ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതിനകം സംഘടനാതലത്തിൽ പുനഃസംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പാർട്ടി പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയ്ക്കും പഞ്ചാബിന്റെ ചുമതല സതീഷ് പൂനിയയ്ക്കുമാണ്. രാം മാധവിനാണ് ഉത്തരാഖണ്ഡിന്റെ ചുമതല നൽകിയിരിക്കുന്നത്. ഹരിയാനയുടെ ചുമതല സ്മൃതി ഇറാനിക്കാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്നതിനുള്ള പാർട്ടി തന്ത്രങ്ങളും സംഘടനാ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.