ന്യൂഡൽഹി: 2028 ലെ പത്താംക്ലാസ് പരീക്ഷയുടെ രൂപരേഖ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കി. അഞ്ച് നിർബന്ധിത വിഷയങ്ങൾക്കൊപ്പം പ്രാവീണ്യമുള്ള ഒരു വിഷയവും വിദ്യാർഥികൾക്കു തെരഞ്ഞെടുക്കാം.
കണക്ക്, സയൻസ്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒരെണ്ണത്തിൽ പരാജയപ്പെട്ടാലും ഈ വിഷയത്തിലെ വിജയത്തിലൂടെ പരീക്ഷയിലെ തോൽവി ഒഴിവാക്കാൻ വിദ്യാർഥിക്കു കഴിയും.
ഇന്റർ ഡിസിപ്ലിനറി ഏരിയ, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, എഐ മൊഡ്യൂളുകൾ എന്നിവ പഠനപദ്ധതിയിൽ ഉണ്ടാകില്ല. ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരും 2028 ൽ പത്താംക്ലാസ് പരീക്ഷ എഴുതുന്നതുമായ വിദ്യാർഥികൾക്കാണു മാറ്റങ്ങൾ. ഈ അധ്യയനവർഷത്തിലെ പത്താംക്ലാസ് പരീക്ഷ പഴയ രീതിയിലായിരിക്കും.
തൊഴിലധിഷ്ഠിത പഠനത്തിനായി രണ്ടു വഴികളാണ് സിബിഎസ്ഇ മുന്നോട്ടുവയ്ക്കുന്നത്. സ്കൂൾ തലത്തിലുള്ള മൂല്യനിർണയം അല്ലെങ്കിൽ ദേശീയ തലത്തിൽ അംഗീകാരമുള്ള സ്കിൽ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ബോർഡ് പരീക്ഷ, ഇതിലൊന്ന് വിദ്യാർഥികൾക്കു തെരഞ്ഞെടുക്കാം. പരീക്ഷകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, അർഥവത്തായ പഠനത്തിന് അവസരമൊരുക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സിബിഎസ്ഇ വൃത്തങ്ങൾ പറഞ്ഞു.