മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ ഹോട്ട് വാട്ടർ ബാഗിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. എൻജിനീയറായ രോഹൻ കുബാഡിയായാണ് (30) മരിച്ചത്. കഴിഞ്ഞ മൂന്നുമാസമായി പൂനയിലെ സോംനാഥിൽ വാടകവീടെടുത്ത് താമസിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. രോഹന്റെ താമസസ്ഥലത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്. പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമയെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ രോഹനെ കണ്ടെത്തിയത്.
കഴുത്തിൽ ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗ് വച്ച് കിടന്നുറങ്ങിയ ഇദ്ദേഹത്തിന് ബാഗിൽ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി രക്തക്കറകളും ഉണ്ടായിരുന്നതായി പൊലിസ് വ്യക്തമാക്കി.
സംഭവത്തിൽ കേസെടുത്ത പൊലിസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.