മുംബൈ: രാജ്യത്തെ വൈദ്യുത പാസഞ്ചർ വാഹനങ്ങളുടെ വിപണിക്ക് കരുത്തേകി സെപ്റ്റംബറിലെ വിൽപന കണക്കുകൾ. 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.
മുൻവർഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വർധന. ഒരു മാസത്തെ ഏറ്റവും ഉയർന്ന ഇവി വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്. തുടർച്ചയായ നാലാം മാസമാണ് ഇവി വിൽപന 30,000 യൂണിറ്റുകൾക്ക് മുകളിലാകുന്നത്.
മുൻ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്സ് ആണ് സെപ്റ്റംബറിലും വിപണിയിലെ മുന്നിൽ. 41 ശതമാനം വിപണിവിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കയറി.
2027 സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ ഇവി വിൽപന മുൻ വർഷത്തെ അപേക്ഷിച്ച് 88 ശതമാനം വർധിച്ച് 1,90,946 യൂണിറ്റിലെത്തി. ഇതോടെ, 2026 സാന്പത്തിക വർഷത്തെ മൊത്തം വിൽപ്പന കണക്കിൽനിന്ന് വെറും 29,971 യൂണിറ്റ് മാത്രം അകലെയാണ് ഈ മേഖല ഇപ്പോൾ എത്തിനിൽക്കുന്നത്.