തിരുവനന്തപുരം: സമ്മർദം ചെലുത്തി വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പിടുവിക്കാൻ നീക്കം നടന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസ്ഥാനത്തു രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണെന്നും ഉടൻ വൈദ്യുതി വാങ്ങിയില്ലെങ്കിൽ നവംബർ ഒന്നുമുതൽ പവർകട്ടുണ്ടാകുമെന്നുമാണ് ഒക്ടോബർ 29ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് മുഖേന കെഎസ്ഇബി കൈമാറിയ റിപ്പോർട്ടിൽ പറഞ്ഞത്.
ഫയലിൽ ഒപ്പിടണമെന്നു പറഞ്ഞാൽ ഉടനെ ഒപ്പുവയ്ക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. സംസ്ഥാനത്തിനു ദോഷമാകുന്ന ഒരുകാര്യവും ചെയ്യില്ല. ഇതിനു പിന്നാലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഫയലിൽ 22 ദിവസമായിട്ടും മുഖ്യമന്ത്രി ഒപ്പുവയ്ക്കുന്നില്ലെന്നും സംസ്ഥാനം രൂക്ഷമായ വൈദ്യുതിക്ഷാമത്തിലേക്ക് പോകുകയാണെന്നും ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇത് ആവർത്തിച്ചു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹിമാചൽ സർക്കാരിന്റെ വൈദ്യുതിപോലും വാങ്ങാൻ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാര്യമറിയാതെ ഇതെല്ലാം ആവർത്തിച്ചു. ഇത് എന്താണെന്നുപോലും പിടികിട്ടാതെയാണ് ഗോവിന്ദൻ പിണറായിക്കൊപ്പം കൂടിയത്.
വൈദ്യുതി കരാറിൽ ഒപ്പുവയ്പിക്കാനുള്ള സമ്മർദമായിരുന്നു ഇതെല്ലാം. വൈദ്യുതിപ്രതിസന്ധിയുണ്ടെന്നും പരിഹരിക്കാൻ തത്കാലം രണ്ടു കരാർ നിർദേശങ്ങളുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് പറയണമെന്നും ആവശ്യപ്പെട്ടുള്ള ഫയലാണ് മുന്നിലെത്തിയത്.
ഒന്ന് ഹിമാചൽപ്രദേശ് സർക്കാരിൽനിന്ന് ഇടനിലക്കാർ മുഖേന യൂണിറ്റിന് 14.50 രൂപയ്ക്കും മറ്റൊന്ന് സ്വകാര്യസ്ഥാപനമായ ജിഎൻഎയിൽ നിന്ന് 8.63നും 8.90 നും വൈദ്യുതി വാങ്ങാനുള്ളതുമായിരുന്നു. പരിശോധിച്ചപ്പോൾ ജിഎൻഎയിൽനിന്ന് വാങ്ങുന്നതാണ് സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം എന്ന് തോന്നി. അക്കാര്യം വൈദ്യുതിമന്ത്രി മുഖേന മറ്റു നടപടികൾക്കായി കെഎസ്ഇബിക്ക് കൈമാറി.
അവർ റെഗുലേറ്ററി കമ്മിഷൻ അനുമതിയും മറ്റു സാങ്കേതിക കാര്യങ്ങളും വൈദ്യുതി ഡിമാൻഡും സാഹചര്യങ്ങളും പരിഗണിച്ചാണ് കരാറിലേക്കെത്തുക. ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. അതിനിടയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയായ എൻടിപിസിയുമായി ഡൽഹിയിൽ താൻതന്നെ നേരിട്ടു ചർച്ച നടത്തി.
5.18 രൂപയ്ക്ക് വൈദ്യുതി മാർച്ച് മുതൽ മേയ് വരെ തരാൻ തയാറാണെന്ന് അവർ അറിയിച്ചു. സിന്നാർ പ്ലാന്റിൽനിന്നുള്ള വൈദ്യുതിയാണത്. അത് പരിഗണിച്ച് ജിഎൻഎയിൽ നിന്ന് വാങ്ങുകയാണെങ്കിൽ മാർച്ച് വരെ മതിയെന്നു നിർദേശിച്ചു. എൻടിപിസി 340 മെഗാവാട്ടിനാണ് അനുമതി നൽകിയത്. അത് 640 മെഗാവാട്ടിലേക്ക് ഉയർത്താനും ദീർഘകാല കരാർ ഒപ്പിടാനുമാണ് സംസ്ഥാനം ശ്രമിക്കുന്നത്. കഴിയുമെങ്കിൽ അത് 1000മെഗാവാട്ടിലും എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.