കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉത്പാദനം കൂട്ടുന്നതിനായി പുതിയ വൈദ്യുതി നയം രൂപീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചില അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയിക്കാതെ ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുമെന്നും ജനങ്ങൾ വൈദ്യുതി അനാവശ്യമായി പാഴാക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി അഭ്യർത്ഥിച്ചു.
അമിത ഉപയോഗം ഉണ്ടാകുമ്പോൾ തെക്കൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ റീജിയണൽ ലോഡ് ഡെസ്പാച്ചിംഗ് സെന്ററിന്റെ നിർദേശപ്രകാരം പെട്ടെന്ന് ഫീഡറുകൾ ഓഫാക്കേണ്ടി വരാറുണ്ട്. മുൻകൂട്ടി അറിയിച്ചുതന്നെ പവർകട്ട് നടപ്പിലാക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടിയതും എ.സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതും കാരണം കഴിഞ്ഞ വർഷത്തേക്കാൾ 1,000 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്തുള്ളത്.
പകൽ സമയത്ത് സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതും രാത്രികാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ ലൈറ്റുകളും ഫാനുകളും ഓൺ ചെയ്ത് ഇടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാത്രിയിലെ അനാവശ്യ അലങ്കാര ലൈറ്റുകളുടെ ഉപയോഗം കുറയ്ക്കണം. സൗരോർജം രാത്രികാല ഉപയോഗത്തിനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി സൂക്ഷിക്കുന്നവർക്ക് കൂടുതൽ പ്രോത്സാഹനവും സാമ്പത്തിക ആനുകൂല്യങ്ങളും നൽകുന്നത് പരിഗണിക്കും.
വിപണിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സാധ്യതകളും പുതിയ ഉത്പാദന പദ്ധതികളും സർക്കാർ സജീവമായി ആലോചിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.