മയക്കുവെടിയേറ്റു, വെള്ളത്തിലിറങ്ങി നീന്തി, കാട്ടിലേക്ക് കുതിച്ചു, പിന്തുടർന്ന ദൗത്യസംഘത്തിന് നേരെ കൊമ്പുകുലുക്കി പാഞ്ഞടുത്തു. മൂന്ന് ദിവസമായി വനംവകുപ്പിന്റെ കണക്കുകൂട്ടലുകളെല്ലാം തകിടംമറിച്ച് ചക്കക്കൊമ്പന്റെ അപ്രതീക്ഷിത നീക്കങ്ങൾ ദൗത്യസംഘത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മയക്കുവെടിയുടെ ആഘാതത്തിലും തളരാതെ ഓരോ ഘട്ടത്തിലും ദൗത്യസംഘത്തെ മുൾമുനയിൽ നിർത്തിയ കൊമ്പന്റെ പോരാട്ടം എല്ലാവരെയും അമ്പരപ്പിച്ചു.
വെള്ളത്തിൽവെച്ച് മയങ്ങിവീണാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയിൽ ഒടുവിൽ ആന്റിഡോട്ട് നൽകി കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് മൂന്നാം ദിവസത്തെ ദൗത്യത്തിന് താത്കാലിക വിരാമമായത്. അതേസമയം കൊമ്പനെ അങ്ങനെ വെറുതെ വിടാൻ അധികൃതർ തയാറായിട്ടില്ല.പിടികൊടുക്കാതെ കാടിന്റെ കരുത്ത് കാട്ടിയ ചക്കക്കൊമ്പനെ പൂട്ടാൻ ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.
കണക്കുകൂട്ടലുകൾ തെറ്റിച്ച് ചക്കക്കൊമ്പന്റെ നീക്കങ്ങൾ
ദൗത്യത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച ചക്കക്കൊമ്പനെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം കാടുകയറിയത്. രാവിലെ തന്നെ നടുത്തുരുത്തി ഭാഗത്ത് ആനയെ കണ്ടെത്തി. ഇവിടെനിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് കൊമ്പൻ നീങ്ങുന്നത് തടയുകയായിരുന്നു ദൗത്യസംഘത്തിന്റെ ആദ്യ ലക്ഷ്യം. ഇതിനായി ആനയിറങ്കൽ ജലാശയത്തിൽ ബോട്ടുകളിൽ സംഘത്തെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി.
പന്നിയാർ ഭാഗത്തേക്കോ ആദ്യദിവസം സഞ്ചരിച്ച 301 കോളനി മേഖലയിലേക്കോ ആന നീങ്ങുമെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ. മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമങ്ങളും തുടർന്നു. ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിലുള്ള സംഘത്തിന് ആർആർടി നിരീക്ഷണസംഘം നിർദേശങ്ങൾ നൽകി. ഇതിനിടെ എൺപതേക്കറിൽനിന്ന് തുരുത്തിലേക്ക് പോകുന്ന വഴിയിലെ തുറസായ പ്രദേശത്തേക്ക് ആന നീങ്ങി. പിന്നാലെ ഡാമിലെ വെള്ളത്തിലിറങ്ങി നീന്താനും തുടങ്ങി.
ആന കരയിലേക്ക് കയറിയാൽ മയക്കുവെടിവയ്ക്കാമെന്നായിരുന്നു വനംവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ ജലാശയത്തിൽനിന്ന് ഇടുക്കുഴി ഭാഗത്തേക്ക് നീങ്ങിയ ആന തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെനിന്ന് മറയൂർകുടി ഭാഗത്തേക്കും പിന്നീട് കൊക്കുപാറയിലേക്കും നീങ്ങി. ഓരോ നീക്കത്തിലും ദൗത്യസംഘത്തിന്റെ പ്രതീക്ഷകൾ മാറിമറിഞ്ഞു.
രണ്ട് മയക്കുവെടികൾ; എന്നിട്ടും തളരാതെ കൊമ്പൻ
ചിന്നക്കനാലിലെ ഓമനക്കുഴി ഭാഗത്തുവെച്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മയക്കുവെടിയേറ്റു. കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച 301 അങ്കണവാടിക്ക് സമീപത്തുതന്നെയായിരുന്നു സ്ഥലം. ആന മയങ്ങുന്നതോടെ തുടർനടപടികൾ സ്വീകരിക്കാനായിരുന്നു ദൗത്യസംഘത്തിന്റെ പദ്ധതി. ആവശ്യമെങ്കിൽ അടുത്ത ഡോസ് നൽകാനും പിന്നീട് റേഡിയോ കോളർ ധരിപ്പിക്കാനും സംഘം സജ്ജമായിരുന്നു.
എന്നാൽ ദൗത്യസംഘത്തിന്റെ പ്രതീക്ഷകളെ തകിടംമറിച്ച് ചക്കക്കൊമ്പൻ പിടിച്ചുനിന്നു. മയക്കുവെടിയുടെ ആഘാതത്തിലും വഴങ്ങാതെ ഈട്ടിക്കമല ഭാഗത്തേക്ക് നീങ്ങിയ ആനയുടെ നീക്കം സംഘത്തെ ഞെട്ടിച്ചു. തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് ആന കടക്കാതിരിക്കാൻ വനംവകുപ്പ് സംഘം സർവ സന്നാഹങ്ങളുമായി നിലയുറപ്പിച്ചെങ്കിലും അൽപ്പനേരം അനങ്ങാതെ നിന്ന കൊമ്പൻ യൂക്കാലിപ്റ്റസ് മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്തുനിന്ന് ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങി. ഇതോടെ വീണ്ടും കണക്കുകൂട്ടലുകൾ പാളി.
ജീവന് ഭീഷണിയായി വെള്ളത്തിലെ നീന്തൽ
മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങുന്നത് എത്രത്തോളം അപകടകരമാണെന്ന് ദൗത്യസംഘത്തിന് വ്യക്തമായിരുന്നു. വെള്ളത്തിൽവെച്ച് മയക്കം സംഭവിച്ചാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയും ശക്തമായി. ഇതിനിടെ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്താൻ തുടങ്ങിയതോടെ സംഘത്തിന് ആശ്വാസമായെങ്കിലും തങ്ങളുടെ പദ്ധതി പൊളിയുകയാണെന്ന് വ്യക്തമായി. ബോട്ടിൽ പിന്നാലെ നീങ്ങി ആനയെ നിരീക്ഷിച്ച സംഘം പടക്കം പൊട്ടിച്ച് തിരികെ കരയിലേക്ക് കയറ്റാൻ ശ്രമിച്ചു.
ഒടുവിൽ ആ ശ്രമം വിജയം കണ്ടു. ആന കരയ്ക്ക് കയറിയതോടെയാണ് ദൗത്യസംഘത്തിന് ആശ്വാസമായത്. വെള്ളത്തിനുനടുവിൽവെച്ച് കൊമ്പൻ തുമ്പിക്കൈ ഉയർത്തി ശ്വാസമെടുക്കുന്ന കാഴ്ചയും സംഘത്തിന്റെ ആശങ്ക വർധിപ്പിച്ചിരുന്നു. ആനയിറങ്കൽ ഡാമിന്റെ മറുകരയിൽ മൂന്നാർ-ബോഡിമെട്ട് റോഡിലെ പെരിയകനാൽ ഭാഗത്തെ ജനവാസമേഖലയിലാണ് ചക്കക്കൊമ്പൻ കരകയറിയത്. സമീപത്തുതന്നെ ഗ്യാപ് റോഡുമുണ്ട്. നിരവധി ആളുകൾ എത്തുന്ന പ്രദേശമായതിനാൽ സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമായി. വെടിയേറ്റ വേദനയിൽ ആന പ്രകോപിതനാകുമോ എന്നതായിരുന്നു ദൗത്യസംഘത്തിന്റെ അടുത്ത ആശങ്ക.
പിന്തുടർന്ന സംഘത്തിന് നേരെ കൊമ്പന്റെ പാഞ്ഞടുക്കൽ
കരകയറിയതിനുശേഷം സാധാരണ നിലയിൽ നീങ്ങിയിരുന്ന ചക്കക്കൊമ്പൻ പൊടുന്നനെ കൊടുങ്കാട്ടിലേക്ക് ഓടിക്കയറി. പിന്നാലെ 30 അംഗ ദൗത്യസംഘവും നീങ്ങി. എന്നാൽ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആന സംഘത്തിന് നേരെ തിരിഞ്ഞു. അപ്രതീക്ഷിതമായ കൊമ്പന്റെ നീക്കത്തിൽ ജീവൻ രക്ഷിക്കാനായി ദൗത്യസംഘാംഗങ്ങൾ ചിതറിയോടി. പിന്നീട് ആനയിറങ്കൽ ഡാമിന്റെ ജലാശയത്തോട് ചേർന്ന് ചക്കക്കൊമ്പൻ നിലയുറപ്പിച്ചു.
അപ്പോഴേക്കും ആന മയക്കുവെടിയുടെ ആഘാതത്തിൽ തളർന്നുതുടങ്ങിയിരുന്നു. ഇതോടെ കുങ്കിയാനകളായ ഭരതിനെയും വിക്രത്തിനെയും പുഴയുടെ മറുകരയിൽ എത്തിച്ചു. തുടർന്ന് ഇരുവരെയും ചക്കക്കൊമ്പന്റെ തൊട്ടുപിന്നിലായി വിന്യസിച്ചു. എന്നാൽ കുങ്കിയാനകളെ കണ്ടതോടെ ചക്കക്കൊമ്പൻ പ്രകോപിതനായി. അപകടസാധ്യത തിരിച്ചറിഞ്ഞ ദൗത്യസംഘം ഉടൻതന്നെ ഭരതിനെയും വിക്രത്തിനെയും പിൻവലിച്ചു.
ഒടുവിൽ ആന്റിഡോട്ട്; പിൻവാങ്ങി ദൗത്യസംഘം
മയക്കുവെടിയേറ്റ ആന ജലാശയത്തിന് സമീപം നിൽക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ദൗത്യസംഘം ചക്കക്കൊമ്പന് ആന്റിഡോട്ട് നൽകി. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു. ഇതോടെ മൂന്നാം ദിവസത്തെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കേണ്ടിവന്നു. ചക്കക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിൽനിന്ന് പിന്മാറാൻ വനംവകുപ്പ് തയാറല്ലെന്നാണ് സൂചന.
കൊമ്പന്റെ കരുത്തിനും അപ്രതീക്ഷിത നീക്കങ്ങൾക്കും മുന്നിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട വെല്ലുവിളിയാണ് ഇനി ദൗത്യസംഘത്തിന് മുന്നിലുള്ളത്. മൂന്ന് ദിവസത്തെ കഠിനശ്രമങ്ങൾക്കൊടുവിലും പിടികൊടുക്കാതെ കാട്ടിലേക്ക് മടങ്ങിയ ചക്കക്കൊമ്പൻ വീണ്ടും ദൗത്യസംഘത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്.