കർണാടകയിലെ ശിവമോഗയിൽ ദസറ ആഘോഷത്തിനിടയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ ആളുകളിൽ ഭീതി പടർന്നു. ഒക്ടോബർ 21-ന് നടന്ന ജംബൂ സവാരിക്കിടെയാണ് ആഘോഷങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ആന ഇടഞ്ഞോടിയത്.
നിശ്ചയിക്കപ്പെട്ട റൂട്ടിൽ നിന്നും മാറി നടന്ന സോമണ്ണ എന്ന ആനയെ നിയന്ത്രിക്കാൻ പാടുപെടുന്നതിനിടയിൽ, ദേവിയുടെ വിഗ്രഹവുമായി സഞ്ചരിച്ചിരുന്ന 650 കിലോഗ്രാം ഭാരമുള്ള വെള്ളി അംബാരി നിലത്തു വീണ് കേടുപാടുകൾ സംഭവിച്ചു.
ഈ പാച്ചിലിനിടയിൽ വഴിയരികിൽ കിടന്നിരുന്ന കാറുകളും ബൈക്കുകളും തകരുകയുണ്ടായി. എങ്കിലും വലിയൊരു ദുരന്തം ഒഴിവായത് ആശ്വാസകരമായി.
ശിവപ്പ നായക പാലസിൽ നിന്ന് തുടങ്ങി അല്ലമ പ്രഭു ഗ്രൗണ്ടിൽ സമാപിക്കേണ്ടിയിരുന്ന ഘോഷയാത്രയാണ് പെട്ടെന്ന് വഴിമാറിയ സോമണ്ണയുടെ പ്രകടനത്താൽ വഴിയിൽ വെച്ച് നിർത്തിവെക്കേണ്ടി വന്നത്.
സോമണ്ണയോടൊപ്പം സാഗർ, ബഹാദ്ദൂർ എന്നീ ആനകളും ചടങ്ങിലുണ്ടായിരുന്നു. വനവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ആനയെ ഒടുവിൽ ശാന്തനാക്കാൻ സാധിച്ചു.
പത്ത് ദിവസത്തെ പരിശീലനത്തിലെ മികച്ച പ്രകടനമാണ് സോമണ്ണയെ ഈ ചടങ്ങിനായി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ആനകളെ പിന്നീട് ബേസ് ക്യാമ്പിലേക്ക് മാറ്റുകയും സക്രെബെയിലു ക്യാമ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു.
മൃഗങ്ങളെ ഇത്തരം വലിയ ജനക്കൂട്ടങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കും ഇടയിലേക്ക് കൊണ്ടുപോകുന്നതിനെതിരെയും അത്രയും ഭാരമുള്ള വസ്തുക്കൾ അവയുടെ പുറത്തുവെക്കുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു.
വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടി മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും, അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ കാട്ടിൽ ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ജനങ്ങളുടെ പക്ഷം. പൊതുസുരക്ഷ മുൻനിർത്തി ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ പുനർവിചിന്തനം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.