കുമളി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആനക്കൊമ്പുകൾ കടത്താൻ ശ്രമിച്ച നാല് പേർ വനംവകുപ്പിന്റെ പിടിയിൽ. കമ്പം മുത്തുരാമലിംഗ തേവർ സ്ട്രീറ്റിലെ കൃഷ്ണപ്രഭു (42), മധുര കൂടൽനഗർ അന്നമരാജ (53), മധുര സിക്കന്ദർ ചാവടി സ്ട്രീറ്റ് വാസുദേവൻ (53), ആനമലയൻപട്ടി വിജയൻ (42) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് നാല് ആനക്കൊമ്പുകളും രണ്ട് കാറുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച കമ്പം ബൈപാസ് റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വനംവകുപ്പിന്റെ പിടിയിലായത്. വാഹനങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആനക്കൊമ്പുകൾ.
കേരളത്തിലെത്തിച്ച് വിൽപന നടത്താനാണ് ആനക്കൊമ്പുകൾ കടത്തിയതെന്നാണ് പ്രതികൾ വനംവകുപ്പിന് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.