വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കിലോമീറ്റർ ദൂരം നീന്തി കീഴടക്കി പതിനൊന്നുകാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജരുമായ ഐ. അരവിന്ദൻ-പി. ദിവ്യ ദമ്പതികളുടെ മകനും ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ എ. ചെമ്പിയാനാണ് വേൾഡ് റിക്കാർഡിനായി ഈ സാഹസിക കൃത്യം വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല കര്യാത്ത് കടവിൽനിന്ന് ഇന്നലെ രാവിലെ 7.08ന് ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.59ന് എത്തിച്ചേർന്നു. വിജയശ്രീലാളിതനായി തിരിച്ചെത്തിയ ചെമ്പിയാനെ വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, വെറ്ററൻ നീന്തൽ താരം പ്രഫ. കെ.സി. സെബാസ്റ്റ്യൻ, റിട്ട. ബിഎസ്എഫ് സൈനികനും നീന്തൽ താരവുമായ കെ.എൻ. ബൈജു എന്നിവർ ചേർന്നു സ്വീകരിച്ചു.
കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ ഏഴു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ചെമ്പിയാൻ വേമ്പനാട്ടുകായലിൽ നീന്താൻ പ്രാപ്തനായത്. മകനെ നീന്തൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പരിശീലിപ്പിച്ചതെന്നും ചെമ്പിയാന്റെ താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു സാഹസിക ഉദ്യമത്തിന് മുതിർന്നതെന്നും മാതാപിതാക്കളായ അരവിന്ദനും ദിവ്യയും പറഞ്ഞു.
നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഓളം നീന്തൽ തടസപ്പെടുത്തിയെങ്കിലും പരിശീലനത്തിന്റെ പിൻബലത്താൽ നീന്തിക്കയറാൻ കഴിഞ്ഞെന്നും ഒന്നാം ക്ലാസുകാരിയായ അനുജത്തി മാതിനിയെ കായലിൽ നീന്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചെമ്പിയാൻ പറഞ്ഞു.
വൈക്കം കായലോര ബീച്ചിൽനടന്ന അനുമോദന സമ്മേളനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.