എലിക്കുളം: പഞ്ചായത്തിലെ കേരളോത്സവത്തിന്റെ വേദിയിൽ രക്തദാനകൂട്ടായ്മ എലിക്കുളത്ത് പിറന്നത്. പഞ്ചായത്തിലെ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്കുകൾ, വായനശാലകൾ, വിവിധ ക്ലബ്ബുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചെറുപ്പക്കാർ ബ്ലഡ് ഫോറത്തിൽ അംഗമായി. ഇനി മുതൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് രക്തഗ്രൂപ്പ് നിർണയക്യാമ്പുകൾ സംഘടിപ്പിക്കുകയും അതിൽനിന്ന് രക്തം നൽകാൻ സന്നദ്ധരായവരുടെ ഡയറക്ടറി അച്ചടിക്കാനുമാണ് പഞ്ചായത്ത് തയാറെടുക്കുന്നത്. ഇതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് കോ-ഓർഡിനേറ്ററായി ഒരു ഗ്രൂപ്പ് പ്രവർത്തനസജ്ജമാവുകയാണ്. രതീഷ് കുമാർ നക്ഷത്രയാണ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ.
എലിക്കുളം ബ്ലഡ് ബോണ്ടിന്റെയും ഫുട്ബോൾ മത്സരത്തിന്റെയും ഔപചാരിക ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി മുഖ്യപ്രഭാഷണവും ഇളങ്ങുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ഗീത സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ ജോഷി കെ. ആന്റണി, സൂര്യമോൾ, ആൻസി ജയിംസ്, വി.ഐ. അബ്ദുൾ കരിം, ജിബിൻ ശൗര്യാം കുഴിയിൽ, എം.എസ്. മനു, ജിമ്മി കുഴിപ്പാലത്തറയിൽ, സുജാതാദേവി, തുളസി സാബു, മറിയാമ്മ തച്ചിലാടിയിൽ, പഞ്ചായത്ത് കേരളോത്സവം കോ-ഓർഡിനേറ്റർ അഷ്റഫ്, അനസ് മുഹമ്മദ് ഇലവനാൽ, അഭിജിത്ത് പനമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.