തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിക്ക് മറുപടിയായി ഭർത്താവിനെയും കൂട്ടി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട് മ്യൂസിയം പൊലിസ്.
മുൻ മുഖ്യമന്ത്രിയുടെ ഭാര്യയാണെന്ന് മനസിലാകാതെയാണ് പരാതിക്കാരിയെ വിളിച്ച ഉദ്യോഗസ്ഥൻ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്. എലിസബത്ത് ആന്റണിയാകട്ടെ ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.
എലിസബത്ത് പേരിനൊപ്പം വൈഫ് ഓഫ് എ.കെ. ആന്റണി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി പണം വാങ്ങിയ കരാറുകാരൻ പണി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് എലിസബത്ത് പൊലിസിനെ സമീപിച്ചത്.
പിന്നീട് ആണ് പൊലിസിന് പരാതിക്കാരി എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് മനസിലായത്. ഇതോടെ എലിസബത്തിനെ നേരിൽ കണ്ട് ക്ഷമാപണം നടത്തണമെന്ന് പൊലിസ് കമ്മിഷണർ മ്യൂസിയം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി.
എന്നാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു എലിസബത്ത് ആന്റണിയുടെ മറുപടി. തുടർന്ന് പൊലിസ് കരാറുകാരനെ വിളിച്ചുവരുത്തി എത്രയും വേഗം പണി പൂർത്തിയാക്കി നൽകാൻ അറിയിച്ചു.