കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിനിടെയുണ്ടായ സങ്കീര്‍ണതയെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നല്കിയ സംഭവത്തില്‍ വൈകാരിക കുറിപ്പുമായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലന് നായര്‍.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"ദ്രോഹികളുടെ ആയുധങ്ങളെക്കാള്‍ ശക്തമായത് അവന്റെ പ്രിയപ്പെട്ടവരുടെ നന്ദികേടായിരുന്നു. അത് അവനെ പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. അതിനുശേഷമാണ് ആ ശക്തമായ ഹൃദയം തകര്‍ന്നുപോയത്...’’ മാക്ബത്തില് ഷേക്സ്പിയറിന്റെ വരികളാണ്.
രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേട് ചിലപ്പോള്‍ നമ്മെ തളര്‍ത്തിക്കളയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാമും മറ്റു ചികിത്സകളും നല്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ഹൃദ്രോഗ വിഭാഗത്തില്‍ എന്നല്ല മെഡിക്കല്‍ രംഗത്തെ ഏതു വിഭാഗത്തിലെയും ചികിത്സകള്‍ അപകടം നിറഞ്ഞതാണ്. കോംപ്ലിക്കേഷന്‍സ് ഇല്ലാത്ത ഒരു ചികിത്സയും പരിശോധനയും ഇല്ല.
കഴിഞ്ഞ ദിവസം ആന്‍ജിയോഗ്രാമിന് വിധേയനായ ഒരു രോഗിക്ക് നാല് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു, ബൈപാസ് സര്‍ജറി ആവശ്യമായ രോഗി. ആന്‍ജിയോഗ്രാം കഴിഞ്ഞു കത്തീറ്റര്‍ വലതുകൈയിലെ റേഡിയല്‍ ധമനിയില്‍ മടങ്ങി തിരികെ എടുക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയി.
ഞാന്‍ തന്നെ കയറി പല ടെക്നിക്കുകളും ചെയ്തെങ്കിലും കത്തീറ്റര്‍ തിരികെ എടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. കാര്‍ഡിയാക് സര്‍ജറി അസിസ്റ്റന്റ് പ്രഫസര്‍ വന്നു രക്തധമനി തുറന്നു കത്തീറ്റര്‍ പുറത്തെടുത്തു.
ബൈപാസ് സര്‍ജറിക്കുവേണ്ടി 900ല്‍ കൂടുതല്‍ രോഗികള്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ രോഗിക്ക് ലെഫ്റ്റ് മെയിന്‍ ധമനിയില്‍ ബ്ലോക്ക് ഉള്ളതിനാല്‍ സര്‍ജറി ഡേറ്റ് നേരത്തെ ആക്കണം എന്ന് ഹൃദ്രോഗ സര്‍ജറി വിഭാഗം മേധാവിയോട് ഞാന്‍ പ്രത്യേകം അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് സൂപ്രണ്ട് ഓഫീസില്‍നിന്നു രോഗിയുടെ ഭാര്യയുടേതായ പരാതി വന്നിരിക്കുന്നു, കോംപ്ലിക്കേഷന് വന്നതിനു നടപടി വേണമെന്ന്. ഒരു ആന്‍ജിയോഗ്രാം ചെയ്യുമ്പോള്‍ മരണം വരെയുള്ള കോംപ്ലിക്കേഷന്‍സ് വരാം എന്ന് അമേരിക്കയിലെ ആശുപത്രിയിലെ കണക്കുകള്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതാണ് താഴെ കാണുന്നത്. അതില്‍ രക്തധമനിയുടെ കോംപ്ലിക്കേഷന്‍സ് 0.43% എന്ന് കാണിച്ചിരിക്കുന്നത് വായിക്കുക.
ഡോക്ടര്‍മാര്‍ ആരും വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ഇന്ന് ഞാന്‍ രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് ഭാര്യയോട് പറഞ്ഞിട്ടല്ല വരുന്നത്. കോംപ്ലിക്കേഷന്‍സ് എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാം. അത് അറിഞ്ഞുകൊണ്ട് ആരും വരുത്തിവയ്ക്കുന്നതല്ല. കോംപ്ലിക്കേഷന്‍സ് ഇല്ലാത്ത ഒരു ചികിത്സയും ഓപ്പറേഷനും മെഡിക്കല്‍ വിഭാഗത്തില്‍ ഇല്ല എന്ന് എല്ലാവരും ഓര്‍ക്കുക.
പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാതെ, ആരുടെ കൈയില്‍ നിന്നും നയാ പൈസ വാങ്ങാതെ രാവിലെ എട്ടു മുതല്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നതിന് കിട്ടുന്ന ഇതുപോലെയുള്ള മനോഹരമായ സംഭാവനകള്‍ ചിലപ്പോള്‍ എനിക്ക് എന്നോടുതന്നെ പുച്ഛം ഉണ്ടാക്കും, എന്റെ പിള്ളേര് ചോദിക്കുന്നതുപോലെ നിര്‍ത്തിയിട്ട് വല്ല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ എവിടെങ്കിലും പോയി കുറച്ച് കാശുണ്ടാക്കരുതോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.
എന്റെ രണ്ട് പെണ്മക്കളും ഈ തൊഴില്‍ വേണ്ടെന്ന് വച്ചു, ചെറിയ മകള്‍ എംബിബിഎസ് കിട്ടിയിട്ട് വേണ്ടെന്ന് വച്ചപ്പോള്‍ എനിക്ക് വിഷമം ആയിരുന്നു, ഇപ്പോ തോന്നുന്നു നന്നായി എന്ന്. രണ്ടാളും എപ്പോഴും ചോദിക്കാറുണ്ട്, അച്ഛന് ഇത് നിര്‍ത്തിയിട്ട് വല്ല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പോയി കുറച്ചുകാലം ജോലി നോക്കിക്കൂടെ എന്ന്. ഞാനും ഇപ്പോള്‍ ആ കാര്യം ഗഹനമായി ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രാവിലെ ഇറങ്ങുമ്പോള്‍ പൂജാമുറിയുടെ മുന്നില്‍ ഒരു നിമിഷം നില്‍ക്കുമ്പോഴും എല്ലാ ക്ഷേത്രങ്ങളില്‍ പോകുമ്പോഴും എന്റെ പ്രാര്‍ത്ഥന ഒരേ കാര്യമാണ് ""താങ്ങാന്‍ പറ്റാത്തതൊന്നും വരല്ലേ, എന്റെ കൈകൊണ്ട് മറ്റാര്‍ക്കും ഒരു ദ്രോഹവും അറിഞ്ഞോ അറിയാതെയോ വരല്ലേ’’. മടുത്തു തുടങ്ങി ഈ നശിച്ച തൊഴില്‍, ഇനി നാലു വര്‍ഷം കൂടെ, ഓര്‍ക്കാന്‍ വയ്യ. എനിക്കിഷ്ടമാണ് പഠിപ്പിക്കാന്‍, അതുകൊണ്ട് മാത്രം കടിച്ചുതൂങ്ങുന്നു.
ശൈത്യകാലത്തെ തണുത്ത കാറ്റ് എത്ര കഠിനമായി വീശി അടിച്ചാലും, അത് മനുഷ്യന്റെ നന്ദികേടിനേക്കാള്‍ ക്രൂരമല്ല എന്നും പറഞ്ഞിട്ടുണ്ട് ഷേക്സ്പിയര്. അദ്ദേഹം കണ്ട അക്കാലത്തെ മനുഷ്യരും ഇപ്പോഴത്തെ മനുഷ്യരും എല്ലാം ഒരേ തൂവല്‍ പക്ഷികള്‍.