മലപ്പുറം: ജപ്പാൻ മസ്തിഷ്കജ്വരത്തിനെതിരേയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് 1,23494 കുട്ടികൾ. ജനുവരി 12 മുതൽ ആരംഭിച്ച വാക്സിനേഷൻ കാന്പയിന്റെ ഭാഗമായി ഒന്ന് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജില്ലയിൽ 12,10,996 കുട്ടികളാണ് ആകെ വാക്സിൻ സ്വീകരിക്കാനുള്ളത്.
ശേഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സമ്മതപത്രം നൽകാത്തതിനാലാണ് ലക്ഷ്യം പൂർത്തിയാക്കാൻ വൈകുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
വാക്സിൻ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു.
അതേസമയം സ്ത്രീകളിലെ സെർവിക്കൽ കാൻസറിനെതിരായ എച്ച്പിവി. വാക്സിൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) കാന്പയിൻ ജില്ലയിൽ തുടങ്ങി. ആദ്യഘട്ടത്തിൽ 14 വയസ് പൂർത്തിയായതും എന്നാൽ 15 കവിയാത്തവരുമായ പെണ്‍കുട്ടികൾക്ക് വാക്സിൻ നൽകുന്നതാണ് കാന്പയിനെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാക്സിൻ പിന്നീട് നിർബന്ധിത വാക്സിൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നും ഡിഎംഒ വ്യക്തമാക്കി.എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്നും വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യു-വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എടുക്കാവുന്നതാണെന്നും ഡിഎംഒ അറിയിച്ചു.