വത്തിക്കാൻ സിറ്റി: വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്ക്കെതിരേ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ‘ദ്വിരാഷ്ട്ര പരിഹാരം’നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുൻകൈയെടുക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഇസ്രയേലും പലസ്തീനും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരമാണു മേഖലയിലെ പ്രശ്നങ്ങൾക്ക് ഏക പരിഹാരമെന്ന വത്തിക്കാന്റെ നിലപാട് മാർപാപ്പ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് സംഭാഷണങ്ങളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂവെന്നും മാർപാപ്പ ഓർമിപ്പിച്ചു.