വടക്കാഞ്ചേരി: നഗരസഭയിലെ എങ്കക്കാട് റെയിൽവേ ലെവൽക്രോസ് ഏതു സമയവും അടഞ്ഞുകിടക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
എങ്കക്കാട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനായി ഭരണാനുമതി നൽകണമെന്നും ബജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിൻ ഗതാഗതംമൂലം ദിവസത്തിൽ ഭൂരിഭാഗം സമയവും ഈ ലെവൽ ക്രോസ് അടച്ചിടേണ്ടിവരികയാണ്. ഇത് വാഴാനി ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളെ പ്രധാന നഗരങ്ങളുമായും മെഡിക്കൽ സെന്ററുകളുമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി. അടിയന്തരചികിത്സ ആവശ്യമായിവരുന്ന രോഗികളുമായിപോകുന്ന ആംബുലൻസുകൾപോലും പതിവായി കുടുങ്ങിക്കിടക്കുകയാണ്.
ആശുപത്രികളിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാഹനങ്ങൾക്കുള്ളിൽവച്ച് രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമാകുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
പ്രശ്നത്തിന് ഒരേയൊരു പരിഹാരം ഇവിടെ റോഡ് ഓവർബ്രിഡ്ജ് നിർമിക്കുക എന്നതുമാത്രമാണ്.
വരാനിരിക്കുന്ന റെയിൽവേ പ്രവൃത്തികളിലും ബജറ്റ് വിഹിതത്തിലും എങ്കക്കാട് മേൽപ്പാലം പദ്ധതിക്ക് ഉയർന്ന മുൻഗണന നൽകണമെന്നും മേൽപ്പാലം നിർമാണത്തിനായുള്ള ഫീസിബിലിറ്റി പഠനവും സാങ്കേതിക മൂല്യനിർണയവും വേഗത്തിലാക്കാൻ സാങ്കേതികവിഭാഗത്തിന് നിർദേശം നൽകണമെന്നും പദ്ധതി എത്രയുംവേഗം നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കണമെന്നും കെ. രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.