കാക്കനാട്: കാക്കനാട്- ഇടച്ചിറ റോഡിൽ ഇൻഫോപാർക്കിനു സമീപം കുഴിക്കാട്ടുമൂലയിൽ ഉണ്ടായ അപകടത്തിൽ ഐടി ജീവനക്കാരിയായ യുവതി മരണപ്പെട്ട സംഭവത്തിൽ റോഡു സുരക്ഷ ഉറപ്പാക്കാൻ ഉമ തോമസ് എംഎൽഎ മുൻകൈ എടുത്ത് കളക്ടറുടെ ചേംബറിൽ അടിയന്തര യോഗം ചേർന്നു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും, വാഹനങ്ങൾക്ക് നിരത്തിലൂടെ സുഗമമായി കടന്നുപോകാൻ കഴിയാത്തവിധമുള്ള അസൗകര്യങ്ങളുമാണ് അപകടത്തിന്റെ പ്രധാന ഘടകങ്ങളായി അധികൃതർ വിലയിരുത്തിയത്.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും, കാൽനടയാത്രക്കാരുടെതടക്കം സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. അടിയന്തരപ്രാധാധ്യമുള്ള പദ്ധതികൾ നടപ്പാക്കാൻ യോഗത്തിൽ തീരുമാനങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, എഡിഎം, ഡിസിപി, തൃക്കാക്കര എസിപി, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ, നഗരസഭാ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻമാർ, നഗരസഭാ കൗൺസിലർമാർ, പൊതുമരാമത്ത് വകുപ്പ്, കൊച്ചി മെട്രോ, നാറ്റ്പാക്ക് , മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
തുടർനടപടികൾ നിരന്തരം വിലയിരുത്തും
അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനുള്ള തീരുമാനങ്ങൾക്ക് അതത് വകുപ്പുകൾ എത്രത്തോളം പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് ഒരാഴ്ചയ്ക്കുശേഷം ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും.
ഇൻഫോപാർക്ക് റോഡിലെ അപകടസാധ്യതകൾ പൂർണമായും പരിഹരിക്കുന്നതു വരെ തുടർച്ചയായ ഇടപെടലുകളും അവലോകന യോഗങ്ങളും ഇക്കാര്യത്തിൽ കൈക്കൊള്ളുമെന്ന് എംഎൽഎ പറഞ്ഞു.
പുതിയ ക്രമീകരണങ്ങളും തീരുമാനങ്ങളും
കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറ്റും. * ഐഎംജി ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വൺവേ ആക്കുന്നതിനുള്ള സാധ്യതകൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.* സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുന്നതിനായി നിലവിലുള്ള സമയക്രമം പുനഃക്രമീകരിച്ച് അടിയന്തരമായി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.* സ്വകാര്യ ബസ് ഡ്രൈവർമാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. * കണ്ടക്ടർ ലൈസൻസില്ലാതെ ബസുകളിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കും. * ഇൻഫോപാർക്ക് റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള നടപ്പാതയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
* റോഡിന് ഇരുവശത്തു സ്ഥാപിച്ചിട്ടുള്ള ഉപയോഗശൂന്യമായ പോസ്റ്റുകൾ , കേബിളുകൾ എന്നിവ നീക്കം ചെയ്യും.* കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകളുടെ വീതി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം കെബിപിഎസ്, കളക്റ്ററേറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ഏറ്റെടുത്ത് റോഡ് വികസന പ്രവൃത്തികൾ നടപ്പിലാക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റുമതിലുകൾ മുനിസിപ്പാലിറ്റി നിർമിച്ച് നൽകും.