ന്യൂഡൽഹി: ഇന്ത്യയിലെ പ്ലാന്റുകളിൽ ഉത്പാദിപ്പിച്ച സെമികണ്ടക്ടർ ചിപ്പുകൾ ആഭ്യന്തര-ആഗോള വിപണികളിലേക്ക് എത്തിത്തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമി കോൺഫറൻസ് സെന്ററിൽ അഞ്ചാമത് ‘സെമികോൺ ഇന്ത്യ 2026’ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ചിപ്പ് നിർമാണ രംഗത്തു വിശ്വസനീയമായ ബദലായി മാറാൻ ഇന്ത്യ സജ്ജമാണെന്നും രാജ്യം ഇതിനായി ശക്തമായ ചുവടുകളാണ് വയ്ക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ സെമികണ്ടക്ടർ മേഖല അതിവേഗ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോള ചിപ്പ് നിർമാണരംഗത്ത് വിശ്വസനീയമായ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണ്. സെമികണ്ടക്ടർ വ്യവസായത്തിന്റെ വിജയം ഉറപ്പാക്കാൻ അനുകൂലമായ നയങ്ങളും ചട്ടക്കൂടുകളും ഉൾപ്പടെ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 800 കോടി ഡോളറാണ് മാറ്റിവച്ചതെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് വരുമ്പോൾ ഇത് 1350 കോടി ഡോളറായി ഉയർത്തിയതായി അദ്ദേഹം അറിയിച്ചു.
വാഹനങ്ങൾ, ഇൻഡസ്ട്രിയൽ ഉപകരണങ്ങൾ, പവർ സിസ്റ്റങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആവശ്യമായ ചിപ്പുകൾ വികസിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ ഇന്ത്യ മുൻഗണന നൽകുന്നത്.
അടുത്ത ഘട്ടമായ ‘സെമികണ്ടക്ടർ മിഷൻ 2.0’ വഴി സ്മാർട്ട്ഫോണുകളിലും പ്രോസസറുകളിലും ഉപയോഗിക്കുന്ന അത്യാധുനിക ചിപ്പുകൾ രാജ്യത്തുതന്നെ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന അൻപതിലധികം ‘ഫാബ്ലെസ്’ സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാർ പിന്തുണയും നൽകും.