ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് അംഗീകരിച്ച് പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചതിനു പിന്നാലെ ഇരുധ്രുവങ്ങളിലായ പാർട്ടി വിഭാഗങ്ങൾക്കു വ്യത്യസ്ത പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ.
മമത ബാനർജി നയിക്കുന്ന വിഭാഗത്തിന് "മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും പാർട്ടി ചിഹ്നമായി "ഫുട്ബോൾ കളിക്കാരനു'മാണ് അനുവദിച്ചിരിക്കുന്നത്.
അരൂപ് റോയ് നയിക്കുന്ന വിമത വിഭാഗത്തിനാകട്ടെ, "ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്'എന്നപേരും "എൻവലപ് '(കവർ) ചിഹ്നവും അനുവദിച്ചു.
ഒക്ടോബർ ആറിന് നടക്കുന്ന ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും പുതിയ പേരിലും ചിഹ്നത്തിലുമാകും മത്സരിക്കുക.
മമതയുടെയും അരൂപിന്റെയും വിഭാഗങ്ങൾ തമ്മിലെ പിളർപ്പ് അംഗീകരിച്ചതിനുശേഷം തൃണമൂലിലെ ഒരു വിഭാഗത്തിനും അവരുടെ പേരോ "പൂക്കളും പുല്ലും' ചിഹ്നമോ ഉപയോഗിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഇടക്കാല ഉത്തരവ് നൽകി ഒരു ദിവസത്തിനുശേഷമാണ് ഇരുവിഭാഗങ്ങൾക്കും പുതിയ ചിഹ്നവും പേരും അനുവദിച്ചിരിക്കുന്നത്.