കൊച്ചി: പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്കാ സമൂഹം പിന്തുടരുമെന്ന് കെആർഎൽസിസി.
ജനങ്ങളുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികളുടെ ക്രിയാത്മക സമീപനവും സ്ഥാനാർഥികളുടെ മികവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും മാനദണ്ഡങ്ങളാകണം.
മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണം.
പ്രകടനപത്രിക തയാറാക്കുന്നതിൽ മുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ല. തെരഞ്ഞെടുപ്പിൽ അവയൊന്നും ചർച്ച ചെയ്യപ്പെട്ടുമില്ല. കേരളത്തിന്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗതിയും ചർച്ച ചെയ്യപ്പെട്ടില്ല.
പൊള്ളയായ അവകാശവാദങ്ങളും യാഥാർഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളും നിരത്തുന്ന പ്രചാരണകോലാഹലങ്ങളും നാടു നീളെ നിറഞ്ഞു നിൽക്കുന്ന പ്രചാരണബോർഡുകളും തെരഞ്ഞെടുപ്പിലെ സാമ്പത്തിക ദുർവ്യയത്തിന്റെ ഉദാഹരണങ്ങളാണ്.
ഇത്തരം തെരഞ്ഞെടുപ്പു പ്രചാരണരീതി രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. ആത്യന്തികമായി ഇതിനെല്ലാം വില നൽകേണ്ടിവരുന്നത് കേരള ജനതയാണെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.