കൊച്ചി: ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരം. കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ബ്രാന്‍ഡ് കേരളം ബിസിനസ് സമ്മിറ്റ് 2026ല്‍ മുഖ്യമന്ത്രി വി .ഡി. സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.
വ്യവസായ വാണിജ്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കുന്ന സംരംഭകരേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിന് സംഘടിപ്പിക്കുന്ന പ്രമുഖ പുരസ്കാരമാണ് പ്രോഫിറ്റ് ടസ്കര്‍ ഇന്ത്യ അവാര്‍ഡ്സ്. സംരംഭക മേഖലയ്ക്കും കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്കും ഇറാം ഹോള്‍ഡിംഗ്സ് നല്കിയ മികച്ച സംഭാവനകള്‍, ദീര്‍ഘവീക്ഷണം, നേതൃത്വമികവ് എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
ഇന്‍ഡോ കോണ്ടിനെന്റല് ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രമോഷന് കൗണ്‍സിലും എഫ്വൈബിബിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. എണ്ണ- വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, യാത്ര, ആരോഗ്യപരിചരണം, ഐടി, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭക കൂട്ടായ്മയാണ് ഇറാം ഹോള്‍ഡിംഗ്സ്. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. സിദ്ദിഖ് അഹമ്മദ്.
വിവിധ വ്യവസായ മേഖലകളിലെ മികവ് പരിഗണിച്ച് 21 പേര്‍ക്കാണ് ചടങ്ങില്‍ പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വി .ഡി .സതീശന് വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മികച്ച സംരംഭകരുടെ പങ്ക് വലുതാണെന്ന് അഭിപ്രായപ്പെട്ടു. ഐസിടിഇപി കൗണ്‍സില്‍ ചെയര്മാന് ഡോ. ടി വിനയ് കുമാര്‍, സെക്രട്ടറി ജനറല്‍ യു എസ് കുട്ടി, ഡയറക്ടര്‍ കെ രവീന്ദ്രന്, പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ കിരണ്‍ ജെയിംസ്, അലന് ജോണ്‍, രാജശ്രീ വര്‍മ്മ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.