കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ ഏർലിങ് ഹാലണ്ട് ഞെട്ടിവിറച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ഇൻസ്റ്റാഗ്രാം, ടിക്ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്ത ഈ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് പുതിയ ഫാക്ട് ചെക്കുകൾ വ്യക്തമാക്കുന്നത്.
മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് ഹാലണ്ടിന്റെ മുഖം ഡിജിറ്റലായി വെച്ചുപിടിപ്പിച്ചാണ് ഈ വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. യഥാർഥത്തിൽ ചൈനീസ് ഹാസ്യനടൻ ജിൻ ലോങ് ചെയ്ത ഒരു കോമഡി സ്കിറ്റിലെ ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഒറിജിനൽ വീഡിയോയിലെ ജിൻ ലോങ്ങിന്റെ അതേ ഭാവങ്ങളും ചലനങ്ങളും കണ്ണാടി കണ്ടുള്ള ഞെട്ടലുമെല്ലാം നിലനിർത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ മുഖത്തിന് പകരം ഹാലണ്ടിന്റെ മുഖം എ ഐ വഴി കൃത്യതയോടെ മാറ്റിച്ചേർക്കുകയായിരുന്നു.