ന്യൂഡൽഹി: രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതൽ അരി എഥനോൾ ഉത്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇതിന്റെ ഭാഗമായി അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമാണത്തിനായി നുറുക്ക് അരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും.
എല്ലാ ആഴ്ചയും അരിയുടെ സ്റ്റോക്ക് വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നൽകി. അരിവില ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ തീരുമാനം. കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്.
അരിയുടെ ഉത്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന കണക്കുകൾക്കിടയിലാണ് കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. രാജ്യത്തെ അരിക്ഷാമം എഥനോള്‍ നിർമാണത്തെ ബാധിച്ചതോടെയാണ് നുറുക്ക് അരിയിൽ പിടി വീഴുന്നത്. ഇതോടെ പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കും.
സംസ്ഥാനത്തും ഇത് നടപ്പാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങി. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മിൽസ് അസോസിയേഷൻ പറയുന്നു. അരിയുടെ ഗുണ നിലവാരം കൂട്ടുന്നതിനാണ് പുതിയ മാറ്റം എന്നാണ് പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.