കോയമ്പത്തൂർ: കോയമ്പത്തൂരിലെ എൽ ആൻഡ് ടി ബൈപ്പാസിൽ ചെട്ടിപാളയത്തിന് സമീപം എത്തനോൾ ടാങ്കർ മറിഞ്ഞ് അപകടം. സേലത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ടാങ്കർ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് ടാങ്കറിൽനിന്ന് ഒരു മണിക്കൂറിലേറെ നേരം എത്തനോൾ ചോർന്നു. സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തനോൾ ഒഴുകിപ്പരന്നതോടെ തീപിടിത്ത സാധ്യതയെക്കുറിച്ച് ആശങ്ക ഉയർന്നു. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുവായതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി.
വിവരമറിഞ്ഞ് ചെട്ടിപാളയം പൊലിസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.