സീറോമലബാർ സഭയുടെ യൂറോപ്പ്-ഇറ്റലി അപ്പസ്തോലിക് വിസിറ്റേഷൻ ആരംഭിച്ചതിന്റെ ദശവാർഷികാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച പ്രഥമ മരിയൻ തീർഥാടനം വിശ്വാസപ്രഖ്യാപന വേളയായി. ഇറ്റലിയിലെ നേപ്പിൾസിലുള്ള പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ പോംപെ മാതാവിന്റെ സന്നിധിയിലേക്കായിരുന്നു ജപമാല പ്രദക്ഷിണം.
മരിയൻ തീർഥാടനത്തിന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ കൂടിയായ മാർ സ്റ്റീഫൻ ചെറപ്പണത്ത്, ഗൾഫ് നാടുകളിലെ അപ്പസ്തോലിക് വിസിറ്റർ ഫാ. ജോളി വടക്കൻ എന്നിവർ നേതൃത്വം നൽകി.
എഴുപതോളം വൈദിക പ്രതിനിധികളും നൂറുകണക്കിനു സമർപ്പിതരും 26 ഇടവകകളിൽ നിന്നുള്ള അല്മായ പ്രതിനിധികളുമടക്കം 1500ഓളം പേർ തീർഥാടനത്തിൽ പങ്കെടുത്തു. നോച്ചരപഗാനി, നേപ്പിൾസ് എന്നീ ഇടവകകൾ തീർത്ഥാടനത്തിന് സ്വീകരണം നൽകി.
ഇതോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സീറോമലബാർ സഭയുടെ വിശ്വാസപൈതൃകത്തിന് നിദാനമായിട്ടുള്ളത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാല പ്രാർഥനയുമാണെന്ന് മാർ തട്ടിൽ പറഞ്ഞു.
കുടുംബപ്രാർഥയും ജപമാല അർപ്പണവും പ്രവാസികളാണെങ്കിലും നിങ്ങളാരും മുടക്കരുത്. നമ്മുടെ സഭയുടെ വളർച്ചയ്ക്കും ദൈവവിളിക്കും കാരണമായത് പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥമാണ്. പരിശുദ്ധ അമ്മയുടെ കരംപിടിച്ചു നടന്നാൽ ഏതുപ്രതിസന്ധികളെയും അതിജീവിച്ച് വിജയം കൈവരിക്കാനാകും- മാർ തട്ടിൽ ഓർമിപ്പിച്ചു.
മാർ സ്റ്റീഫൻ ചെറപ്പണത്ത് ആമുഖപ്രഭാഷണം നടത്തി. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഫാ. ജോളി വടക്കൻ, ഫാ. ഡോ. ക്ലമന്റ് ചെറയത്ത് എന്നിവർ സഹകാർമികരായി. കോ-ഓർഡിനേറ്റർ ഫാ. സിനോജ് അരിമറ്റം, ഫാ. ജോബി ചെറുകോട്ട്, ഫാ. റോജൻ നൽപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.