കൊളോൺ: ഗ്രീക്ക് വിനോദസഞ്ചാര ദ്വീപായ റോഡോസിൽ നിന്ന് ജർമനിയിലെ കൊളോണിലേക്ക് 157 യാത്രക്കാരുമായി പറന്ന യൂറോവിംഗ്സ് വിമാനം ശക്തമായ വിമാനച്ചുഴിയിൽപ്പെട്ട് എയർഹോസ്റ്റസ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യൂറോവിംഗ്സിന്റെ എയർബസ് എ320 വിമാനം ബാൽക്കൻ പ്രദേശങ്ങൾക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം.
കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ പൈലറ്റിന് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. എന്നാൽ വിമാനം ഉയരുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായി കുലുങ്ങുകയും പെട്ടെന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
പെട്ടെന്നുണ്ടായ എയർപോക്കറ്റിൽ പെട്ട വിമാനത്തിൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന നാല് യാത്രക്കാരും കാറ്ററിംഗ് ട്രോളിയുമായി നീങ്ങുകയായിരുന്ന എയർഹോസ്റ്റസുമാണ് പരിക്കേറ്റത്.
വിമാനം താഴ്ന്നപ്പോൾ ഉണ്ടായ ശക്തമായ വായുമർദ്ദത്തിൽ എയർഹോസ്റ്റസ് മേൽക്കൂരയിലേക്ക് തെറിച്ചുവീണതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാനം നിയന്ത്രണത്തിലാക്കി കൊളോൺ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് കാരണം കനത്ത കാറ്റല്ലെന്നും തൊട്ടുമുന്നിൽ പറന്ന മറ്റൊരു വിമാനത്തിൽ നിന്നുണ്ടായ വായുച്ചുഴിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ദുബായിയിൽ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സിന്റെ ഭീമൻ എ380 വിമാനത്തിൽ നിന്നുണ്ടായ "വേക്ക് ടർബുലൻസ്' ആണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. വലിയ വിമാനങ്ങളുടെ ചിറകുകളുടെ അറ്റത്തിൽ രൂപപ്പെടുന്ന ഈ വായുചുഴി ചെറിയ വിമാനങ്ങൾക്ക് അപകടകരമായേക്കാം.
സംഭവത്തെ തുടർന്ന് ജർമൻ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചു. വിമാനത്തിലെ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.