തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി മർദിച്ച ശേഷം ഒന്പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു.
കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്. നേരത്തേയും സമാനമായ ഹണിട്രാപ്പ് കേസിൽ പ്രതിയായിട്ടുള്ളയാളാണ് ദീപ.