ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ ക്രമക്കേടുകളും തുടർക്കഥയാകുന്നതിനിടെ പരീക്ഷാ നടത്തിപ്പിൽ വൻ പരിഷ്കാരത്തിനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ).
തെറ്റുകളും മുൻവർഷത്തെ ചോദ്യപേപ്പറുകളുടെ ആവർത്തനവും മൂലം മൂന്ന് യുജിസി നെറ്റ് പേപ്പറുകൾകൂടി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ 50ലധികം ഉദ്യോഗസ്ഥരെ എൻടിഎ നീക്കം ചെയ്തെന്നും നിർണായക നേതൃപദവികളിലേക്ക് വിദഗ്ധരെ നിയമിക്കാനൊരുങ്ങുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയെത്തുടർന്നും വിവിധ പരീക്ഷാ ക്രമക്കേടുകളെത്തുടർന്നും ഇതിനോടകം പ്രതിക്കൂട്ടിലായ എൻടിഎ, യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ച കാരണം വീണ്ടും വെട്ടിലായതോടെയാണ് പരീക്ഷാ നടത്തിപ്പിൽ സർക്കാർ സമ്പൂർണ പരിഷ്കാരം ലക്ഷ്യമിടുന്നത്.
മൂന്ന് യുജിസി നെറ്റ് പേപ്പറുകൾ റദ്ദാക്കിയതിനെത്തുടർന്ന് പുതുതായി ചുമതലയേറ്റ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും എൻടിഎ ഡയറക്ടർ ജനറലുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. പരീക്ഷാ പ്രക്രിയകളുടെ സമഗ്രമായ ഓഡിറ്റ് നടത്താനും ഈ വർഷം നടന്ന പരീക്ഷകളിലെ പിഴവുകളിൽ സ്വീകരിച്ചിട്ടുള്ള തിരുത്തൽ നടപടികളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി എൻടിഎയോട് നിർദേശിച്ചു.
നിർണായക മാറ്റങ്ങൾ
പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ തയാറാക്കുന്നതു മുതൽ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതു വരെയുള്ള പൂർണ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനാണ് എൻടിഎ ലക്ഷ്യമിടുന്നത്.
►പുതിയ തസ്തികകളും നിയമനവും
ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ 10 പുതിയ പ്രൊഫഷണൽ നേതൃപദവികളിലേക്ക് വിദഗ്ധരെ നിയമിക്കും.
►സ്വകാര്യ മേഖലയിലെ വിദഗ്ധർ
ചോദ്യപേപ്പർ ഡിസൈൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലേക്ക് സ്വകാര്യമേഖലയിൽനിന്ന് വിദഗ്ധരെ ഉൾപ്പെടുത്തും.
►സുരക്ഷാ നിയന്ത്രണങ്ങൾ
ചോദ്യപേപ്പർ തയാറാക്കുന്ന മുറികളിലെ പ്രവേശനം ഉന്നതതല സുരക്ഷയിൽ പരിമിതപ്പെടുത്തും.
►നെറ്റ്വർക്ക് വിച്ഛേദനം
ചോദ്യപേപ്പറുകൾ തയാറാക്കുന്ന കംപ്യൂട്ടറുകൾ ഇന്റർനെറ്റിൽനിന്നും സുരക്ഷിതമല്ലാത്ത ലോക്കൽ നെറ്റ്വർക്കുകളിൽനിന്നും വിച്ഛേദിക്കും.