ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ കടുപ്പമേറിയ നിയമവുമായി കേന്ദ്രസർക്കാർ. തട്ടിപ്പ് നടത്തുന്നവർക്കു പത്തു വർഷം വരെ കഠിനതടവും പത്തു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പരീക്ഷാ ക്രമക്കേടുകളിൽ അതിവേഗ നീതി ഉറപ്പാക്കാൻ കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർണായക വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെ മാഫിയകളെയും തട്ടിപ്പുകാരെയും വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യം. കേസ് അന്വേഷണവും വിചാരണയും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പരീക്ഷകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരിമറികൾ തടയാനും ശക്തമായ വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.