എടക്കര: മുണ്ടേരി വിത്തുകൃഷി തോട്ടത്തെ സംസ്ഥാനത്തെ മികച്ച ഫാമാക്കി മാറ്റുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും പറഞ്ഞു. ഫാം സന്ദർശിച്ച ശേഷം ചേർന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഫാമിന്റെ വികസനത്തിന് ഫണ്ടും കൃഷി മന്ത്രി ഉറപ്പുനൽകി.
1258 ഏക്കർ ഭൂമിയുള്ള സംസ്ഥാനത്തെ വലിയ വിത്തുകൃഷി തോട്ടമായ മുണ്ടേരിയിൽ നിലവിൽ 500 ഏക്കറിലാണ് കൃഷി നടത്തുന്നത്.
മുഴുവൻ സ്ഥലവും പ്രയോജനപ്പെടുത്തി ആദിവാസികൾ ഉൾപ്പെടെയുള്ള സമീപവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമഗ്ര മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നത്. തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ ചേംബറിൽ കൃഷി മന്ത്രിയും ആര്യാടൻ ഷൗക്കത്ത് എംഎൽഎയും പ്രാഥമിക ചർച്ച നടത്തിയ ശേഷമാണ് മന്ത്രിമാർ ഇന്നലെ ഫാം സന്ദർശിക്കാനെത്തിയത്.
ചാലിയാറിന്റെ തീരത്തെ തലപ്പാലി ബ്ലോക്കിലെ ഏറുമാടത്തിലും മന്ത്രിമാർ സന്ദർശനം നടത്തി. തുടർന്ന് ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും യോഗത്തിൽ പങ്കെടുത്തു. ഹണി മിഷന്റെ സഹകരണത്തോടെ തേൻകൃഷി, ഫ്രൂട്സ് മിഷന്റെ നേതൃത്വത്തിൽ പഴവർഗ കൃഷി, ജൈവകൃഷി, ഫാം ടൂറിസം എന്നിവയ്ക്ക് കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഫാമിൽനിന്നുള്ള ലാഭവിഹിതം തൊഴിലാളികൾക്ക് നൽകുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. കതിർ കാർഷിക ക്ലബ്ബുമായി ബന്ധപ്പെടുത്തി സ്കൂൾ വിദ്യാർഥികൾക്കുള്ള കാർഷിക പരിശീലന കേന്ദ്രമാക്കി മുണ്ടേരി ഫാമിനെ മാറ്റും. നിറവ് കാർഷിക മേളയ്ക്ക് റവന്യു വകുപ്പിന്റെ സഹായവും ഉറപ്പുനൽകി.
ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് ഷറഫുന്നീസ, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. ശ്രീലേഖ, ഫാം ഡെപ്യൂട്ടി ഡയറക്ടർ വി.വി. സുരേഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ. അഞ്ജു, കെ. ജംഷീർ, കൃഷി ഓഫിസർമാരായ പി. ജുനൈദത്ത്, കെ.കെ. ഷഹൽ, തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി.പി. ബോബൻ, ടി.വി. വിനോദ് കുമാർ, സുമിൻ റോസ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
മൂന്ന് മണിക്കൂറിലേറെ ഫാമിൽ ചെലവഴിച്ച ശേഷമാണ് മന്ത്രിമാർ മടങ്ങിയത്.