തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനാധികാരത്തിൽ സർക്കാരിന്റെ കടന്നുകയറ്റം. എയ്ഡഡ് സ്കൂളുകളിലെ താത്കാലിക അധ്യാപക, അനധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് വഴി നടത്തണമെന്ന സർക്കുലറാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്നത്.
ഈ മാസം 15നാണ് ഇത് സംബന്ധിച്ചുള്ള സർക്കുലർ ഹയർ സെക്കൻഡറി കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നു പുറത്തിറങ്ങിയത്. എയ്ഡഡ് സ്കൂളിലെ നിയമനാധികാരി സ്കൂൾ മാനേജരാണ്. എന്നാൽ ഇപ്പോൾ ഇറങ്ങിയ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാവുന്ന താത്കാലിക, ദിവസ വേതന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് തുടർ നടപടി സ്വീകരിക്കണമെന്നാണ്.
ഒഴിവുകൾ സംബന്ധിച്ച് അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ അറിയിക്കണമെന്ന നിർദേശവും ഉൾക്കൊള്ളിച്ചിരിക്കുന്നു. എന്നാൽ താത്കാലിക ഒഴിവുകൾ ഉണ്ടാവുന്നത് നിലവിലെ അധ്യാപകരിൽ ആർക്കെങ്കിലും അടിയന്തര സാഹചര്യത്തിൽ സ്കൂളിൽ എത്താൻ കഴിയാതെ വരുന്പോഴാണ്. അസുഖങ്ങൾ മൂലമോ അപകടങ്ങൾ മൂലമോ ഒന്നോ അതിലധികമോ മാസം അവധി എടുക്കേണ്ടി വരുന്പോഴാണ് ആ സ്ഥാനത്തേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്.
താത്കാലിക അധ്യാപകരെ അടിയന്തര ഘട്ടങ്ങളിൽ നിയമിക്കേണ്ടത് സംബന്ധിച്ച് എങ്ങനെ അധ്യയനം ആരംഭിക്കുന്നതിനു മുന്പേ നിർദേശം നൽകാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതർ ചോദിക്കുന്നത്.
എയ്ഡഡ് മാനേജ്മെന്റുകൾ പതിറ്റാണ്ടുകളായി കൃത്യമായി നടത്തി വന്നിരുന്നതാണ് താത്കാലിക നിയമനങ്ങൾ. ഒരു മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ താഴെയുമുള്ള നിയമനങ്ങളാണ് താത്കാലിക നിയമനങ്ങൾ. എയ്ഡഡ് സ്കൂൾ മാനേജർമാരുടെ കൈകളിൽ അപേക്ഷകൾ ലഭിക്കുന്പോൾ തന്നെ പരിശോധനകൾ നടത്തി ദിവസങ്ങൾക്കുള്ളിൽ നിയമനം നടത്താൻ കഴിയും. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നടത്താൻ മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ഉണ്ടാവുകയും ഇ സമയത്ത് അധ്യാപകരുടെ സേവനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്യും.
എയ്ഡഡ് സ്കൂളുകളിലെ മാനേജർമാർക്കുള്ള നിയമനാധികാരം കവർന്നെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം അതിശക്തമാണ്. താത്കാലിക നിയമനങ്ങൾ പൂർണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഏറെ സംശയകരമാണെന്ന ആക്ഷേപവും ഉയർന്നു.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 30(1) പ്രകാരം ന്യൂനപക്ഷ സ്കൂളുകളുടെ നടത്തിപ്പും നിയമനവും പൂർണമായും മാനേജരിൽ നിക്ഷിപ്തമാമെന്നും ആ സാഹചര്യത്തിൽ ഭരണഘടനാ വിരുദ്ധമായ സർക്കുലറാണിപ്പോൾ പുറപ്പെടുവിച്ചതെന്നും വിമർശനം ഉയരുന്നു.