കൊച്ചി: ചെറുനാരങ്ങയ്ക്ക് തീ വില. കിലോയ്ക്ക് 240 രൂപയാണ് എറണാകുളം മാര്‍ക്കറ്റിലെ വ്യാഴാഴ്ചത്തെ ചില്ലറ വില. കിലോയ്ക്ക് 150 രൂപയായിരുന്ന നാരങ്ങാ വിലയാണ് ഇത്രയധികം ഉയര്‍ന്നത്. ഓണക്കാലത്ത് 120 രൂപ വരെ വില ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിച്ചിരുന്നില്ല. ഓണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വില കുതിച്ച് കയറിയത്.
ആന്ധ്രാപ്രദേശില്‍ നിന്നാണ് കേരള മാര്‍ക്കറ്റിലേക്ക് ചെറുനാരങ്ങ കൂടുതലായും എത്തുന്നത്. എന്നാല്‍ ഇവിടെ ഉത്പാദനം കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും ചെറുനാരങ്ങയുടെ വരവിനെ ബാധിച്ചു.
നിലവില്‍ തമിഴ്‌നാട് വിപണിയെയാണ് കേരളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്. വലുപ്പം കൂടിയതും എളുപ്പം ചീയാത്തതുമാണ് പുളിയങ്കുടി നാരങ്ങ. പ്രാദേശിക വിപണിയിലും ജ്യൂസ് കടകളിലും ഈ നാരങ്ങയ്ക്കാണ് പ്രിയം.
എറണാകുളം മാര്‍ക്കറ്റിലേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 300 മുതല്‍ 500 ചാക്ക് വരെ ചെറുനാരങ്ങ എത്തുന്നുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കെ.കെ. അഷ്‌റഫ് പറഞ്ഞു.