വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി ഉയരങ്ങളിൽ നിൽക്കുമ്പോഴും, പുറംലോകം അവരെ കാണുന്നത് ആ പദവികളുടെയും പ്രശസ്തിയുടെയും വെളിച്ചത്തിലാണ്.
എന്നാൽ, ഒരാളുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നവർക്ക്, അവരുടെ പരാജയങ്ങളിലും വീഴ്ചകളിലും തളരാതെ കൂടെനിന്നവർക്ക്, ആ വ്യക്തി എന്നും തങ്ങളുടെ പ്രിയപ്പെട്ടവർ മാത്രമാണ്.
എത്ര വലിയ ഉന്നതനായാലും പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ അവർ എന്നും സ്വന്തം സ്വപ്നങ്ങൾ വെട്ടിപ്പിടിച്ച ആ പഴയ 'കുട്ടി' തന്നെയായിരിക്കും. ഈയൊരു ഹൃദയസ്പർശിയായ സത്യത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അമൻ ബലോദി എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ, കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്നതുല്യമായ ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ ഒരു സഹോദരിയുടെയും അത് ആഘോഷമാക്കുന്ന സഹോദരന്റെയും സ്നേഹനിമിഷമാണ്.
ലോകത്തിന് മുന്നിൽ അവൾ ഇനി ഒരു ഉന്നത ഉദ്യോഗസ്ഥയായിരിക്കാം, എന്നാൽ അമന് എന്നും അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചത് നേടിയെടുത്ത തന്റെ അനിയത്തി മാത്രമാണ്.
വിജയത്തിന്റെ ആവേശത്തിൽ ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്ന ആ സുന്ദരനിമിഷം കണ്ടുനിന്നവരുടെ മനസ് നിറച്ചു. തന്റെ സഹോദരിയുടെ നേട്ടത്തിൽ അഭിമാനം കൊണ്ട് ആ സഹോദരന്റെ മുഖം തിളങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്.
മൂന്ന് ദിവസം മുൻപ് പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സ്നേഹത്തെയും പരസ്പരമുള്ള പിന്തുണയെയും പുകഴ്ത്തിക്കൊണ്ട് നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്.
"സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി" എന്നും, "പെൺമക്കളുടെ വിജയം ഇത്രമേൽ ഹൃദ്യമായി ആഘോഷിക്കുന്ന കുടുംബങ്ങളെ കാണുന്നത് തന്നെ ഒരു ഭാഗ്യമാണ്" എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.
പദവികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം സ്നേഹവും കരുതലും തന്നെയാണ് ഏതൊരു വിജയത്തിനും മാറ്റുകൂട്ടുന്നത് എന്ന വലിയ സന്ദേശമാണ് ഈ കൊച്ചു വീഡിയോ നമുക്ക് പകർന്നുനൽകുന്നത്.