ന്യൂയോർക്ക്: വിദ്വേഷപ്രസംഗങ്ങൾ ഒരിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ പുതിയ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് ക്രിസ്റ്റോഫ് സാക്കിയ എൽകാസിസ്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന ആഗോളസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷപ്രസംഗങ്ങൾ പൊതുചർച്ചകളുടെ അന്തരീക്ഷത്തെ മലിനമാക്കുകയും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുകയും അക്രമത്തിനും പീഡനങ്ങൾക്കും വഴിമരുന്നിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ എതിരേ മതം, വംശം, ദേശീയത എന്നിവയുടെ പേരിൽ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ അയൽക്കാരനെ സ്നേഹിക്കുക എന്ന ദൈവകല്പനയ്ക്ക് എതിരാണ്.
സമാധാനപരമായ അന്തരീക്ഷവും സംഭാഷണസംസ്കാരവും വളർത്തിയെടുക്കണമെങ്കിൽ ആദ്യം നമ്മുടെ വാക്കുകളെ നിരായുധീകരിക്കണം. വാക്കുകൾക്കു വലിയ ശക്തിയുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശമാണ്; എന്നാൽ, അത് ഉത്തരവാദിത്വമുള്ളതായിരിക്കണം. ഹിംസയും വിദ്വേഷവും ഉണ്ടാക്കുന്ന പ്രസംഗങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 16ന് ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് നിയമനപത്രം കൈമാറിയശേഷം ആർച്ച്ബിഷപ് ക്രിസ്റ്റോഫ് സാക്കിയ എൽകാസിസ് നടത്തുന്ന ആദ്യ പൊതുപ്രസംഗമായിരുന്നു ഇത്. ലബനൻ സ്വദേശിയായ ഇദ്ദേഹം പാക്കിസ്ഥാനിലെ അപ്പൊസ്തലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് മാർപാപ്പ ഇദ്ദേഹത്തെ യുഎൻ നിരീക്ഷകനായി നിയമിച്ചത്.