ന്യൂഡൽഹി: എട്ടുപതിറ്റാണ്ടോളമായി കെട്ടുറപ്പോടെ തുടരുന്നതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ വലിയ കൂട്ടുകെട്ട് സാന്പത്തിക സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വിപുലപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തിയത്.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ പുടിന്റെ സന്ദർശനം ബാധിക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. “ഇന്ത്യ വിവിധ രാജ്യങ്ങളുമായി എങ്ങനെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു എന്നതിനുമേൽ തങ്ങൾക്ക് വീറ്റോ പവർ ഉണ്ടെന്ന് മറ്റൊരു രാജ്യം ധരിക്കുന്നത് ന്യായമല്ല. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്”- ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.
പുടിന്റെ ദ്വിദിന സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഉദിച്ചുയരുന്ന വലിയ രാജ്യമായ ഇന്ത്യക്ക് കഴിയുന്നത്ര ലോകരാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.