കേരളത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ശുദ്ധ നുണയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള തട്ടിപ്പുമാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് പേരാണ് കേരളത്തിലുള്ളത്.
അര്‍ഹരായ പല കുടുംബങ്ങളെയും ഒഴിവാക്കിയാണ് അതിദാരിദ്ര്യ പട്ടിക തയാറാക്കിയത്. ആദ്യ സര്‍വേയില്‍ രണ്ടുലക്ഷത്തി അറുപതിനായിരം കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നത് മറച്ചുവച്ച് എണ്ണം ഗണ്യമായി കുറച്ചാണ് സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് (64,006 കുടുംബങ്ങള്‍). അതിജീവനത്തിനുവേണ്ടി പൊരുതുന്ന ലക്ഷക്കണക്കിന് പാവങ്ങളുള്ള നാട്ടില്‍ അതിദാരിദ്ര്യം അവസാനിച്ചെന്ന പ്രഖ്യാപനം ജനങ്ങളെ പരിഹസിക്കലാണ്.
അതിദരിദ്രരുടെ എണ്ണം ചുരുങ്ങിയതിലെ ചെപ്പടിവിദ്യ
2021ലെ പ്രകടനപത്രികയില്‍ സംസ്ഥാനത്ത് പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്ന് എല്‍ഡിഎഫ് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം അതിദരിദ്രരുടെ എണ്ണം എന്ത് ചെപ്പടിവിദ്യയിലൂടെയാണ് 64,006 ആയി ചുരുക്കിയത്? കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ സംസ്ഥാനത്തെ 5,91,194 പേര്‍ക്ക് എഎവൈ പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്. അനില്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്.
ഇവരെല്ലാം അതിദാരിദ്രത്തില്‍നിന്ന് മാറിയോ? അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന റേഷന്‍ വിഹിതം ഉള്‍പ്പെടെ ഇല്ലാതാകില്ലേ? യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഗതികള്ക്കുവേണ്ടിയുള്ള ആശ്രയ പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. ആ പട്ടികയില്‍ ഉൾപ്പെട്ടിരുന്നവരുടെയും എണ്ണം കുറഞ്ഞത് എങ്ങനെയാണ്? 2011ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്.
ഇതില്‍ 6400 കുടുംബങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന തട്ടിക്കൂട്ട് പട്ടികയിലുള്ളത്. ബാക്കിയുള്ള ആദിവാസി കുടുംബങ്ങളെല്ലാം സമ്പന്നരാണോ? അവരെല്ലാം വിദ്യാഭ്യാസ, പാര്‍പ്പിട, ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ സുരക്ഷിതരാണോ?അതിദരിദ്ര മുക്തമെന്ന തട്ടിപ്പ് പ്രഖ്യാപനത്തിനുവേണ്ടി തയാറാക്കിയ 64,006 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും എന്തെങ്കിലും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ പട്ടിക തയാറാക്കിയത്? എന്തായിരുന്നു പട്ടിക തയാറാക്കുന്നതിന് ഉപയോഗിച്ച മെത്തഡോളജി?
അതിദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ സുപ്രധാന ഘടകം സ്വന്തമായി ഭൂമിയും കെട്ടുറപ്പുള്ള വീടുമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 64,006 കുടുംബങ്ങളില്‍ എല്ലാവര്ക്കും വീട് നല്‍കിയോ? പത്തു വര്‍ഷത്തിനിടെ ലൈഫ് ഭവന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5,91,368 പേരില്‍ 4,62,307 വീടുകള്‍ മാത്രമാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഒരു ലക്ഷത്തി മുപ്പതിനായിരം വീടുകള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇതില്‍ മുപ്പതിനായിരത്തോളം എസ്സി കുടുംബങ്ങളും എണ്ണായിരത്തോളം എസ്ടി കുടുംബങ്ങളും ഉള്‍പ്പെടും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തില്‍ എന്തു സത്യസന്ധതയാണുള്ളത്?
ലക്ഷ്യം തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെയാണ് എല്‍ഡിഎഫും പിണറായി വിജയനും വീണ്ടും ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യസുരക്ഷ പെന്ഷന് ഘട്ടംഘട്ടമായി 2500 രൂപയാക്കും എന്നായിരുന്നു 2021 ലെ എല്‍ഡിഎഫ് പ്രകടന പത്രിക വാഗ്ദാനം.
അധികാരത്തിലെത്തി നാലര വര്‍ഷവും ഒരു രൂപ പോലും കൂട്ടിയില്ല. അങ്ങനെയുള്ളവരാണ് തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയില്‍ 2000 രൂപയാക്കിയെന്ന് മേനി നടിക്കുന്നത്. വീട്ടമ്മമാര്‍ക്ക് പെന്ഷന് നല്‍കുമെന്നതും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇപ്പോള്‍ ഇതും ഭാഗികമായി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി മുന്നില്‍ക്കണ്ട് മാത്രമാണ്. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു നടപടിയും പത്ത് വര്‍ഷവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സർക്കാർ ജീവനക്കാരുടെ കുടിശികയിൽ തീർപ്പില്ല
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഡിഎ, ഡിആര്‍ കുടിശികകളിലും സര്‍ക്കാരിന് മിണ്ടാട്ടമില്ല. ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിലും നടപടിയില്ല. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് വിവിധ ആനുകൂല്യങ്ങളായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത്. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ഏപ്രില്‍ ഒന്നിനു ശേഷം 2026ല്‍ നല്‍കുമെന്നാണു പറഞ്ഞത്. അതായത്, ഈ സര്‍ക്കാര്‍ പോയ ശേഷമേ അതും നല്‍കൂ.
അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരകുമാര്‍, പാചക തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിമാസ ഓണറേറിയം 3000 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, വെറും 1000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.
റബറിന് അവഗണന
റബറിന് 250 രൂപ സബ്സിഡി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന 150 രൂപയില്‍നിന്നും കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനിടെ 30 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോഴത് 20 രൂപ കൂട്ടി.
തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ കുടിശിക
തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ കുടിശിക നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൊഴില്‍ വകുപ്പിന്റെ മാത്രം കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം രൂപ കുടിശികയുണ്ട്. കുടിശിക നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പുതിയ വാഗ്ദാനവും ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 2024 ജൂണ്‍ പത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന തെരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പട്ടികജാതി, പട്ടികവര്‍ഗവിഭാഗക്കാർക്ക് വാഗ്ദാനം മാത്രം
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം. എന്നാല്‍, 2024- 25 ല്‍ പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതി വിഹിതം 500 കോടിയും പട്ടികവര്‍ഗ വിഭാഗങ്ങളുടെ 112 കോടി രൂപയുമാണ് വെട്ടിക്കുറച്ചത്. ഇത് തിരിച്ചു നല്കാന് തയാറാകാത്തവരാണ് പുതിയ വാഗ്ദാനങ്ങളുമായി ജനങ്ങളെ കബളിപ്പിക്കുന്നത്.
കാരുണ്യ പദ്ധതിയിൽ കുടിശിക
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ 1800 കോടി രൂപയാണ് കുടിശിക. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കടക്കം പണം നല്‍കാത്തതിനെത്തുടര്‍ന്ന് വിതരണക്കാര്‍ തിരിച്ചെടുത്തു. സപ്ലൈകോയ്ക്ക് നല്‍കാനുള്ളത് 2211 കോടി രൂപ. അവശ്യസാധനങ്ങള്‍ സംഭരിച്ച വകയില്‍ 480 കോടിയും കുടിശികയുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയ്ക്ക് 110 കോടി രൂപ നല്‍കുമെന്ന പ്രഖ്യാപനം തമാശയായി മാത്രമെ കാണാനാകൂ.
നെല്ലിനു പരിഗണനയില്ല
നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്നതും മറ്റൊരു തട്ടിപ്പാണ്. കേന്ദ്രസര്‍ക്കാര്‍ നെല്ലിന് താങ്ങുവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തത്തുല്യമായി കുറയ്ക്കുന്ന വിചിത്രരീതിയാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നത്. 2020-21 ല്‍ 8.8 രൂപയായിരുന്ന സംസ്ഥാന വിഹിതം 2023-24 ല്‍ 6.37 രൂപയാക്കി കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയപ്പോള്‍ കുറച്ചത് പുനഃസ്ഥാപിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
പിആര്‍ പ്രചാരണം
കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലെന്നു പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പില്‍ ക്യാപ്സ്യൂള്‍ ഇറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിദാരിദ്ര്യം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളില്‍നിന്നും കേരളം പുറത്താകും. കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനത്ത് അതിദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോ? തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനുള്ള പിആര്‍ പ്രചാരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ യുഡിഎഫ് ജനങ്ങളെ ബോധ്യപ്പെടുത്തും.