അഫ്ഗാനിസ്ഥാനിലെ കടുത്ത ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു കുടുംബത്തിന്റെ ദുരവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഴുപതിലധികം കുട്ടികളുടെ പിതാവായ മുഹമ്മദ് സാദിഖ് എന്നയാൾ, നാല് ഭാര്യമാരും 58 മക്കളുമായി ഇപ്പോൾ നിത്യജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കഠിനമായ ജീവിത സാഹചര്യത്തിലാണ് കഴിയുന്നത്.
ഒരു കാർ ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾക്ക് വിൽക്കുന്ന ഓരോ വാഹനത്തിനും ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ ഈ ചെറിയ വരുമാനംകൊണ്ട് ഇത്രയും വലിയൊരു കുടുംബത്തിന്റെ വിശപ്പടക്കാനോ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ അദ്ദേഹത്തിന് കഴിയുന്നില്ല.
മൺകുടിലുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് ഇവർ കഴിയുന്നത്. വീടുകളിൽ വാതിലുകളോ ജനലുകളോ ഇല്ലാത്തതിനാൽ തുണികൾ കൊണ്ടാണ് മറ തീർത്തിരിക്കുന്നത്. വിറകു വാങ്ങാൻ പോലും പണമില്ലാത്തതിനാൽ പലപ്പോഴും കടലാസുകൾ കത്തിച്ചാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നത്.
പട്ടിണിയും പോഷകാഹാരക്കുറവും കാരണം പല കുട്ടികളും രാത്രികളിൽ ഒഴിഞ്ഞ വയറുമായാണ് ഉറങ്ങാൻ കിടക്കുന്നത്. വസ്ത്രങ്ങളോ ചെരുപ്പുകളോ വാങ്ങാൻ നിവൃത്തിയില്ലാത്തതിനാൽ കുഞ്ഞുങ്ങളിൽ പലരും നഗ്നപാദരായാണ് നടക്കുന്നത്.
മക്കളുടെ എണ്ണം വളരെ കൂടുതലായതിനാൽ അവരിൽ പലരുടെയും പേരുകൾ പോലും തനിക്ക് ഓർമ്മയില്ലെന്ന് സാദിഖ് പറയുന്നു. ഭൂരിഭാഗം സമയത്തും 'മോനേ' അല്ലെങ്കിൽ 'കുഞ്ഞേ' എന്നാണ് അദ്ദേഹം അവരെ വിളിക്കുന്നത്.
തന്റെ ഭാര്യമാരെല്ലാം വളരെ ചെറിയ പ്രായത്തിലാണ് വിവാഹം കഴിച്ചതെന്നും, അന്ന് അവർക്ക് കുട്ടികളെ എങ്ങനെ പരിചരിക്കണം എന്നതിനെക്കുറിച്ചോ മുലയൂട്ടേണ്ടതിനെക്കുറിച്ചോ ഉള്ള അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർക്കുന്നു.
പരിചരണക്കുറവും ശരിയായ ചികിത്സ ലഭിക്കാത്തതും മൂലം ക്ഷയം, വൂപ്പിംഗ് കഫ് തുടങ്ങിയ രോഗങ്ങൾ ബാധിച്ച് തന്റെ നിരവധി മക്കൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിട്ടുണ്ട്.
ഇത്രയും വലിയൊരു കുടുംബം പട്ടിണിയിലാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ താൻ ഇത്രയധികം കുട്ടികളുടെ പിതാവ് ആകില്ലായിരുന്നുവെന്ന ഖേദവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.