കൊല്ലം: ശ്രീനാരായണ ഗുരു - മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം കൊല്ലത്ത് സംഘടിപ്പിച്ചുകൊണ്ട് ഈഴവ സമുദായത്തെ ഒപ്പം കൂട്ടാനുള്ള കോൺഗ്രസിന്റെ നീക്കം തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള പടയൊരുക്കമാണെന്നു സൂചന.
രണ്ടുദിവസമായി രാഹുൽഗാന്ധി വിവിധ പരിപാടികളിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കുന്പോൾ ആദ്യപടിയായി ഈഴവ സമുദായവുമായി കൈകൊടുക്കാനുള്ള നീക്കവും ഇതിനുപിന്നിലുണ്ട്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്എൻഡിപി സംഘടന ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുകയും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എൻഡിഎയോടു കൈകോർക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് അടൂർപ്രകാശ് എംപിയെ മുന്നിൽനിർത്തി കോൺഗ്രസിന്റെ കരുനീക്കം.
എസ്എൻഡിപിയിലെ നേതൃനിരയെ മാറ്റിനിർത്തി ശിവഗിരിമഠത്തെ മുന്നിൽ നിർത്തിയുള്ള നീക്കത്തിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിലെ നേതാക്കളും കൂടെയുണ്ട്. ഈഴവ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറയുന്ന സാഹചര്യത്തിൽ ശിവഗിരി മഠത്തെ മുന്നിൽ നിർത്തിയുള്ള നീക്കം ഫലപ്രദമാകുന്നുവെന്നാണ് കണക്കുകൂട്ടൽ.
ഇന്നലെ ഗുരു-ഗാന്ധി സമാഗമശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തതുകൂടാതെ ഇന്ന് രാഹുൽഗാന്ധി ശിവഗിരി മഠവും സന്ദർശിക്കുന്നതോടെ ഈഴവസമുദായവും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നോട്ടുവച്ച നായര്‍ - ഈഴവ ഐക്യനീക്കം പാളിയ സാഹചര്യത്തില്‍ ഇരു സമുദായങ്ങളെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.
ഒരു സമ്മേളനത്തേക്കാൾ ഉപരി ശിവഗിരിയിൽനിന്നും ദീപശിഖാറാലിയും പയ്യന്നൂരിൽനിന്നും ഛായാചിത്രഘോഷയാത്രയും വൈക്കത്തുനിന്നും കൊടിമര ഘോഷയാത്രയും സംഘടിപ്പിച്ചതും സമുദായത്തെ കൂടെ നിർത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.
ശിവഗിരി മഠത്തിലെ ഡോ. സച്ചിനാനന്ദ പൂർണ പിന്തുണ നൽകി കൂടെ നിന്നപ്പോൾ സ്വാമി ശുഭാംഗാനന്ദയും സ്വാമി ജ്ഞാനതീർഥയും പരിപാടി വിജയിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു. ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസിനു സമ്മേളനത്തിലൂടെ സാധിച്ചു.
യുഡിഎഫില്‍ മുസ്ലിംലീഗിന്റെ സ്വാധീനത്തിനു കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ആക്ഷേപം സിപിഎമ്മും ബിജെപിയും നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തെയും ഈ സമ്മേളനത്തിലൂടെ പ്രതിരോധിക്കാൻ സാധിച്ചു. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താനാണ് എഐസിസിയുടെ നീക്കം.
ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിന്റെയും സ്വീകരണസമിതി ചെയർമാൻ എം.ലിജുവിന്റെയും നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.
കോൺഗ്രസ് പരിപാടിയിൽ യുഡിഎഫ് നേതാക്കളുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നിറസാന്നിധ്യമുണ്ടായിരുന്നു.മുൻ മുഖ്യമന്ത്രിയും എസ്എൻഡിപിയോഗം മുൻ ജനറൽ സെക്രട്ടറിയുമായ ആർ. ശങ്കറിന്റെ പേരിലുള്ള നഗറിൽ നടന്ന പരിപാടിയിൽ ആർ. ശങ്കറിന്റെ മകൻ മോഹൻശങ്കർ പങ്കെടുത്തതും ശ്രദ്ധേയമായി.