കൊച്ചി: മസാല ബോണ്ടില്‍ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച നോട്ടീസിലെ നടപടികള്‍ തത്കാലം തുടരാം.
അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി അയച്ച കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇ ഡിയുടെ അപ്പീല്‍ മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി. അതുവരെ നോട്ടീസിലെ സ്റ്റേ നീക്കിയതിലുള്ള വിലക്ക് തുടരും.
മസാല ബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്നു സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചതില്‍ നിയമലംഘനമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി നല്‍കിയത് കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നുമായിരുന്നു ഇഡിയുടെ വാദം.
കാരണം കാണിക്കല്‍ നോട്ടീസില്‍ തര്‍ക്കമുന്നയിക്കാന്‍ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അഥോറിറ്റിയെയാണു സമീപിക്കേണ്ടത്.
വസ്തുതാപരവും നിയമപരവുമായുമുള്ള തര്‍ക്കം ഇവിടെ ഉന്നയിക്കാന്‍ കഴിയുമെന്നതു പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ചിന്റെ നടപടി.
പ്രാഥമികമായ പരിശോധനാ ഘട്ടത്തിലാണ് അഡ്ജുഡിക്കേഷന് നടപടികളെന്നും അതു തുടരാന്‍ അനുവദിക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.