റബാത്ത് (മൊറോക്കോ): ലോകകപ്പ് ഫുട്ബോള്‍ അടക്കമുള്ള ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നീക്കം തെറ്റായിരുന്നു എന്നും മാപ്പുചോദിക്കുന്നതായും ഫിഫ.
ഇന്‍ഫാന്റീനോ അടിയന്തരമായി മൊറോക്കോയില്‍ വിളിച്ചുചേര്‍ത്ത എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ഫിഫ ഔദ്യോഗികമായി ഇറക്കിയ കുറിപ്പിലാണ് തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നുമുള്ള തുറന്നു പറച്ചില് നടത്തിയത്.
ഫിഫയുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാന വിഹിതം സ്വകാര്യ നിക്ഷേപകര്‍ക്കു കൈമാറി 420 കോടി ഡോളര്‍ സമാഹരിക്കാമെന്നും എല്ലാ അംഗ അസോസിയേഷനുകള്‍ക്കും വിഹിതം നല്‍കാമെന്നുമായിരുന്നു ഇന്‍ഫാന്റീനോയുടെ വാഗ്ദാനം.
ഇതിനായി ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് (എഫ്എഫ്ഇ) എന്ന അനുബന്ധ കമ്പനി രൂപീകരിക്കാനും തീരുമാനിച്ചു. ഇതിനെതിരേ യുവേഫ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിക്കും ഇന്‍വെസ്റ്റ്മെന്റ് താത്പര്യമുള്ളതായി വെളിപ്പെട്ടതോടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്‍ഫാന്റീനോയുടെ രാജിക്കായുള്ള ആവശ്യവും ഉയര്‍ന്നു.
പദ്ധതി ഉപേക്ഷിച്ചു
“സംഭവിച്ച പിഴവുകള്‍ അംഗീകരിച്ചു. വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എഫ്എഫ്ഇ (ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്) പദ്ധതി നിലവിൽ ഉപേക്ഷിച്ചു”- ഫിഫ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഫിഫ പ്രസിഡന്റ് സ്ഥാനത്ത് ഇന്‍ഫാന്റീനോ തുടരുമെന്നും എക്സിക്യൂട്ട് യോഗം അദ്ദേഹത്തിനു പൂര്‍ണപിന്തുണ നല്‍കിയെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫിഫ സെക്രട്ടറി ജനറല്‍ മത്യൂസ് ഗ്രാഫ്സ്ട്രോമാണ് പത്രക്കുറിപ്പ് ഇറക്കിയത്. എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ഫിഫ മാപ്പപേക്ഷ അയച്ചുനല്‍കി. മാര്‍ച്ചില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നാലാം തവണയും മത്സരിക്കാനൊരുങ്ങുകയാണ് ഇന്‍ഫാന്റീനോ.