തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ തുറന്നുവിട്ട പരസ്യ വിവാദത്തിൽ ഇരു വിഭാഗങ്ങളിലായി നേതാക്കൾ അണിനിരന്നതോടെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് കൂടുതൽ ശക്തമായി. മുഖ്യമന്ത്രിയെ അനുകൂലിച്ചും അടൂർ പ്രകാശിന്റെ നിലപാടുകളെ തള്ളാതെയും കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ ഇരുവിഭാഗങ്ങളിലായി അണിനിരന്നതോടെ ഇരുവിഭാഗവും വിട്ടു വീഴ്ചയ്ക്കില്ലെന്നു വ്യക്തമായി.
കൂടിയാലോചകളില്ലാതെ സർക്കാർ നയങ്ങളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്ന ആരോപണത്തിൽ പരാതിയുമായി അടൂർ പ്രകാശ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കമാൻഡ് പ്രതിനിധികളെ കാണാനാണ് അടൂർ പ്രകാശിന്റെ ശ്രമം.
യുഡിഎഫ് കണ്‍വീനറായി തന്നെ നിയോഗിച്ചത് ഹൈക്കമാൻഡാണെന്നും പരാതി അവിടെ പറയുമെന്നുമാണ് അടൂർ പ്രകാശിന്റെ നിലപാട്. ഇന്നലെ വീണ്ടും മാധ്യമങ്ങളെ കണ്ട അടൂർ പ്രകാശ് മുൻ നിലപാടുകളിൽ ഉറച്ചുനിന്നു. ഒരു തരത്തിലുള്ള സമവായത്തിനും താനില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ, യുഡിഎഫിൽ ഉഭയകകക്ഷി ചർച്ച നടത്തിയാണ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ അടക്കമുള്ള കാബിനറ്റ് പദവികളിൽ നിയമനം നടത്തിയതെന്നും മുസ്ലിംലീഗ് നേതൃത്വവും പറഞ്ഞു. ഭരണത്തെ പ്രതിസന്ധിയിലാക്കും വിധം സർക്കാരിന്റെ ആദ്യനാളുകളിൽ തന്നെ കടുത്ത വിമർശനമുയർത്തി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ യുഡിഎഫ് കണ്‍വീനറുടെ നിലപാടിൽ ലീഗ് നേതൃത്വത്തിനും അതൃപ്തിയുണ്ട്.
ലീഗിന്റെ ആറാം കാബിനറ്റ് പദവിയെന്ന ബിജെപിയുടെ ആരോപണം കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ സമൂഹത്തിൽ ചർച്ചയാക്കുന്നതിലും എതിർപ്പുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ ലീഗ് നിലപാട് അറിയിക്കും. എന്നാൽ, അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടില്ല.
യുഡിഎഫ് കണ്‍വീനറുടെ പരസ്യ വിമർശനത്തിലെ പരാതിയെ തള്ളാതെയായിരുന്നു കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞതെന്നും പരാതിയുണ്ടെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കാമെന്നുമായിരുന്നു സണ്ണി ജോസഫിന്റെ അഭിപ്രായം. പരസ്പരമുള്ള ചർച്ചകളിലൂടെ ഏകശില പോലുള്ള തീരുമാനം വേണമെന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭിപ്രായം. ചർച്ചകളിലൂടെ മാത്രം തീരുമാനം വരണമെന്ന അഭിപ്രായമാണ് സ്പീക്കർ പറഞ്ഞത്.
മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ചു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും അഭിപ്രായം രേഖപ്പെടുത്തി. യുഡിഎഫ് കണ്‍വീനറുടെ ആക്രമണത്തെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്ത് എത്തി. സർക്കാരിനു പ്രതിരോധം സൃഷ്ടിക്കേണ്ട സമയത്ത് ആക്രമണം നടത്തിയ യുഡിഎഫ് കണ്‍വീനറുടെ നിലപാട് പദവിക്കു നിരക്കാത്തത് ആണെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
പരസ്യ വിമർശനത്തെ എതിർത്തെങ്കിലും ചർച്ചകൾ വേണമെന്ന അഭിപ്രായത്തെ അനുകൂലിച്ച് കെ.സി. വേണുഗോപാൽ വിഭാഗത്തിലെ പ്രധാനിയായ മന്ത്രി എ.പി. അനിൽകുമാറും കക്ഷിചേർന്നു. എല്ലാ വിമർശനത്തിലും കെ.സി. വേണുഗോപാലിന്റെ പേര് ഉൾപ്പെടുത്തുന്നതിലെ അസഹിഷ്ണുതയും അദ്ദേഹം തുറന്നടിച്ചു.
അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതിനെ താനുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. എല്ലാ കാര്യങ്ങളിലും ചർച്ച നടത്തിയാണ് തീരുമാനമെടുക്കുന്നതെന്നായിരുന്നു മന്ത്രി കെ. മുരളീധരന്റെ അഭിപ്രായം.