അയോധ്യ: രാമക്ഷേത്ര നിർമാണ ഫണ്ടും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത കേസിൽ കുറ്റാരോപിതരായ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന കടുത്ത നിലപാടുമായി ഫൈസാബാദ് ബാർ അസോസിയേഷൻ. ബാർ അസോസിയേഷനിലെ ഏതെങ്കിലും അംഗങ്ങൾ ഈ തീരുമാനത്തിന് വിരുദ്ധമായി പ്രതികൾക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്താൽ അവർക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ജനറൽ ബോഡി യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു.
ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച സ്വത്തും പണവും കവർന്ന പ്രതികൾ കോടിക്കണക്കിന് ആളുകളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, അതിനാൽ അവർക്ക് നിയമസഹായം നൽകില്ലെന്നും ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാൾ വ്യക്തമാക്കി. കൂടാതെ, കേസിൽ ആരോപണവിധേയരായ ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രമുഖരായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്ന് ദിവസത്തിനുള്ളിൽ അയോധ്യ വിട്ടുപോകണമെന്നും അല്ലാത്തപക്ഷം നഗരം ഉപരോധിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകി.
രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണ്ണം, വെള്ളി, വജ്രം ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. പ്രതിഷ്ഠാ സമയത്ത് ജ്വല്ലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികളും കാണാതായവയിൽ ഉൾപ്പെടുന്നു.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുശ മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡേ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ പണം തട്ടുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.