ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ധിഖി, ഗായകൻ സിദ്ധു മൂസാവാല എന്നിവരുടെ കൊലപാതകങ്ങളിലെ മുഖ്യപ്രതിയായ അൻമോൾ ബിഷ്ണോയി അമേരിക്കയിലേക്ക് കടന്നത് വ്യാജ പാസ്പോർട്ട് ഉപയോഗിച്ചെന്ന് റിപ്പോർട്ട്.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി ഡൽഹിയിൽ എത്തിച്ചിരുന്നു.
ഭാനു പ്രതാപ് എന്നാണ് ഇയാളുടെ പാസ്പോർട്ടിലെ പേര്. 2021ൽ കൃത്രിമമായി നിർമിച്ച പാസ്പോർട്ടിന്റെ നമ്പർ V3534569 എന്നാണ്. ജനന തീയതി 2000 ഡിസംബർ 15 എന്നും മാതാപിതാക്കളുടെ പേരുകൾ രാകേഷ്, സുമിത്ര ദേവി എന്നും താമസസ്ഥലം ഫരീദാബാദിലെ സെക്ടർ 82 എന്നുമാണ് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമവിരുദ്ധ രേഖകളുമായി രാജ്യത്ത് പ്രവേശിച്ചതിന് 2024 നവംബറിൽ കാലിഫോർണിയയിലെ സാക്രമെന്റോയിൽ വച്ചാണ് അൻമോൾ ബിഷ്ണോയി അറസ്റ്റിലായത്.
മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ബിഷ്ണോയിയുടെ അറസ്റ്റ്.
ഡൽഹിയിലെത്തിയതിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻഎഎ, കോടതിയിൽ ആവശ്യപ്പെടും.
എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം മുംബൈ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കേസുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യും.